ഒഗ്ബെചെയെക്ക് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ മെസ്സി ബൗളിയും ക്ലബ് വിട്ടിരിക്കുകയാണ്. താരത്തെ ക്ലബിൽ നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമിച്ചു എങ്കിലും താരം ഇപ്പോൾ ചൈനയിൽ ഒരു ക്ലബുമായി കരാർ ധാരണയിൽ എത്തിയിരിക്കുകയാണ്. ചൈനീസ് സെക്കൻഡ് ഡിവിഷൻ ക്ലബായ ഹിലൊങ്ജിയാങ് ലാവ സ്പ്രിങ് എഫ് സിയാണ് മെസ്സിയെ സ്വന്തമാക്കിയത്. ഒരു വർഷത്തെ കരാറിലാണ് താരം ചൈനയിൽ എത്തിയിരിക്കുന്നത്.
കഴിഞ്ഞ സീസണിൽ ഒഗ്ബെചെയ്ക്ക് ഒപ്പം അറ്റാക്കിൽ ഇറങ്ങിയ മെസ്സി ബൗളി ഗംഭീര പ്രകടനം തന്നെ കാഴ്ചവെച്ചിരുന്നു. എട്ടു ഗോളുകളും ഒരു അസിറ്റും സീസണിൽ മെസ്സി ബ്ലാസ്റ്റേഴ്സിനായി സംഭാവന ചെയ്തിരുന്നു. 2013ൽ എഫ്എപി യാഉണ്ടേയിലാണ് മെസ്സി തന്റെ കരിയർ ആരംഭിച്ചത്. തുടർന്ന് എപിഇജെഇഎസ്, വൈബി ഫുണ്ടെ, ഫൂലാഡ്, കാനോൻ യാഉണ്ടേ, എന്നീ ടീമുകളിലും കളിച്ചിട്ടുണ്ട്. 2013, 2017, 2018 വർഷങ്ങളിൽ കാമറൂൺ ദേശീയ ടീമിലും അംഗമായിരുന്നു മെസ്സി.