ലയണൽ മെസ്സി പെനാൾട്ടിയിലൂടെ മാത്രമെ ഗോളടിക്കു എന്ന് വിമർശിച്ചവരിടെ വായടിപ്പിച്ച് മെസ്സി ഇന്ന് ബാഴ്സലോണയുടെ താരമായി. രണ്ടാം പകുതിയിൽ സബ്ബായി മാത്രം എത്തിയ മെസ്സിയുടെ ഇരട്ട ഗോളുകളുടെ ബലത്തിൽ ബാഴ്സലോണ ഇന്ന് റയൽ ബെറ്റിസിനെ തോൽപ്പിച്ചു. ക്യാമ്പ്നൂവിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു ബാഴ്സലോണയുടെ വിജയം.
കളിയുടെ തുടക്കത്തിൽ 22ആം മിനുട്ടിൽ ഡെംബലയിലൂടെ ബാഴ്സലോണ ആണ് ലീഡ് എടുത്തത്. 33ആം മിനുട്ടിൽ ആ ലീഡ് ഇരട്ടിയാക്കാൻ ബാഴ്സക്ക് ഒരു പെനാൾട്ടിയിലൂടെ അവസരമുണ്ടായി. പക്ഷേ കിക്ക് എടുത്ത ഗ്രീസ്മന് പിഴച്ചു. ആദ്യ പകുതിയുടെ അവസാന നിമിഷം സനാബ്രിയയുടെ വക ബെറ്റിസിന്റെ ഗോൾ വന്നു. ഹാഫ് ടൈമിൽ 1-1.
ഇതോടെ കളി ജയിക്കാൻ മെസ്സിയെ ഇറക്കൊയെ മതിയാകു എന്ന് മനസ്സിലാക്കിയ കോമാൻ അർജന്റീനൻ താരത്തെ കളത്തിൽ ഇറക്കി. 49ആം മിനുട്ടിൽ ഗ്രീസ്മൻ നേടിയ ഗോൾ മെസ്സിയുടെ ബുദ്ധിപരമായ നീക്കത്തിന്റെ ഫലമായിരുന്നു. മെസ്സി പന്ത് ലീവ് ചെയ്തത് മൊത്തം ബെറ്റിസ് ഡിഫൻസിനെയും കബളിപ്പിച്ചു. 60ആം മിനുട്ടിൽ റയൽ ബെറ്റിസ് താരം മൻഡി ചുവപ്പ് കണ്ട് പോയതോടെ ബാഴ്സക്ക് കാര്യങ്ങൾ എളുപ്പമായി.
ആ ഫൗളിന് ലഭിച്ച പെനാൾട്ടി മെസ്സി ലക്ഷ്യത്തിൽ എത്തിച്ചു. ഉടനെ ലോറെനിലൂടെ ഒരു ഗോൾ മടക്കി ബെറ്റിസ് ബാഴ്സക്ക് ആശങ്ക നൽകി എങ്കിലും മെസ്സി വീണ്ടും രക്ഷയ്ക്ക് എത്തി. 82ആം മിനുട്ടിൽ സെർജി റൊബേർട്ടോയുടെ ബാക്ക് ഹീൽ പാസ് സ്വീകരിച്ച് മെസ്സി തോടുത്ത ഷോട്ട് ബ്രാവോയ്ക്ക് കാണാൻ പോലും ആയില്ല. മെസ്സിയുടെ ഈ സീസണിലെ പെനാൾട്ടി അല്ലാത്ത ആദ്യ ഗോളായിരുന്നു ഇത്.
പിന്നാലെ യുവതാരം പെഡ്രി ബാഴ്സയുടെ ഗോൾ പട്ടിക പൂർത്തിയാക്കി. 17കാരന്റെ ആദ്യ ലാലിഗ ഗോളാണ് ഇത്. ഈ വിജയത്തോടെ 11 പോയിന്റുമായി എട്ടാം സ്ഥാനത്ത് നിൽക്കുകയാണ് ബാഴ്സലോണ.