ലയണൽ മെസ്സിയുടെ മികവിൽ പി എസ് ജിക്ക് യുവേഫ ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ രണ്ടാം വിജയം. ഇന്ന് ഇസ്രായേൽ ക്ലബായ മക്കാബി ഹൈഫയെ നേരിട്ട പി എസ് ജി ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് നേടിയത്. മെസ്സി ഒരു ഗോളും ഒരു അസിസ്റ്റും നൽകി പി എസ് ജി ജയത്തിന് ചുക്കാൻ പിടിച്ചു.
ഇസ്രായേൽ ക്ലബായ മക്കാബി ഹൈഫ ഇന്ന് പി എസ് ജിയെ ഞെട്ടിച്ചു കൊണ്ടാണ് തുടങ്ങിയത്. പിഎസ് ജിയെ ഭയമില്ലാതെ നേരിട്ട മക്കാബി ഹൈഫ കളിയുടെ 24ആം മിനുട്ടിൽ ലീഡ് എടുത്തു. വലതു വിങ്ങിൽ നിന്ന് ഹസിസ നൽകിയ ഒരു ക്രോസ് ആണ് പി എസ് ജി ഡിഫസ്ൻസ് ഭേദിച്ചത്. ചെറി പന്ത് ലക്ഷ്യത്തിൽ എത്തിച്ചു.
ഈ ഗോളിന് മറുപടി നൽകാൻ ശ്രമിച്ച പി എസ് ജി ആദ്യ പകുതിയിൽ തന്നെ സമനില കണ്ടെത്തി. മെസ്സിയും എമ്പപ്പെയും ചേർന്ന് നടത്തിയ നീക്കമാണ് ഗോളായത്. 37ആം മിനുട്ടിൽ മെസ്സിയുടെ പാാ സ്വീകരിച്ച് പെനാൾട്ടി ബോക്സിലേക്ക് നീങ്ങിയ എമ്പപ്പെ മെസ്സിയിലേക്ക് തന്നെ പന്ത് തിരികെ നൽകി. ഇസ്രായേലി ടീം ഡിഫൻസ് ആ പന്ത് തടയാൻ ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല. മെസ്സി തന്റെ ഈ സീസണിലെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോൾ നേടി. സ്കോർ 1-1.
രണ്ടാം പകുതിയിൽ പി എസ് ജി ലീഡ് എടുത്തു. എമ്പപ്പെ ആണ് പി എസ് ജിക്ക് ലീഡ് നൽകിയത്. ലയണൽ മെസ്സി ഒരുക്കിയ അവസരമാണ് എമ്പപ്പെ ലക്ഷ്യത്തിൽ എത്തിച്ചത്. മത്സരത്തിന്റെ അവസാനം വെററ്റിയുടെ പാസിൽ നിന്ന് ഒരു ഇടം കാലൻ ഫിനിഷിൽ നെയ്മർ കൂടെ ഗോൾ നേടിയതോടെ പി എസ് ജി ജയം പൂർത്തിയായി.
ഗ്രൂപ്പിൽ രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവുമായി പി എസ് ജി ഒന്നാമത് ആണ്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ അവർ യുവന്റസിനെയും തോൽപ്പിച്ചിരുന്നു.