ഹാളണ്ട് അല്ലാതെ ആര്!! മുൻ ക്ലബായ ഡോർട്മുണ്ടിനെയും വേദനിപ്പിച്ച് മാഞ്ചസ്റ്റർ സിറ്റിയുടെ അത്ഭുത സ്ട്രൈക്കർ

20220915 022255

എർലിങ് ഹാളണ്ട് എന്ന മഹാത്ഭുതത്തിന്റെ മറ്റൊരു ഹീറോയിക് പ്രകടനം. മാഞ്ചസ്റ്റർ സിറ്റിയുടെ മറ്റൊരു തിരിച്ചുവരവ്. ചാമ്പ്യൻസ് ലീഗിൽ ഇന്ന് കണ്ട ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തിയത്.

20220915 015912

ഹാളണ്ട് തന്റെ മുൻ ടീമായ ഡോർട്മുണ്ടിനെ നേരിടുന്നു എന്നത് കൊണ്ട് തന്നെ ഇന്ന് ചാമ്പ്യൻസ് ലീഗിൽ എല്ലാവരും ശ്രദ്ധിച്ച മത്സരം മാഞ്ചസ്റ്റർ സിറ്റിയും ഡോർട്മുണ്ടും തമ്മിൽ ഉള്ളതായിരുന്നു. എന്നാൽ പ്രിവ്യൂകളിൽ ഉണ്ടായ ആവേശം മത്സരം തുടങ്ങിയപ്പോൾ ഉണ്ടായില്ല. മാഞ്ചസ്റ്റർ സിറ്റി അറ്റാക്കുകളെ തടയാൻ കൃതയമായ ടാക്ടിക്സുമായി വന്ന ഡോർട്മുണ്ട് ആദ്യ പകുതി വിരസമാക്കുന്നതിൽ വിജയിച്ചു. ഒരു ഷോട്ട് പോളും ആദ്യ പകുതിയിൽ ടാർഗറ്റിലേക്ക് തൊടുക്കാൻ സിറ്റിക്ക് ആയില്ല.

രണ്ടാം പകുതിയിൽ കളിക്ക് വേഗത കൂടി. ആദ്യ മിനുട്ടുകളിൽ തന്നെ ക്യാപ്റ്റൻ മാർക്കസ് റൂയിസിലൂടെ ഡോർട്മുണ്ട് ഗോളിന് അരികെ എത്തുന്നത് കാണാനായി. ഡോർട്മുണ്ടിന്റെ അറ്റാക്കുകൾ വിജയം കണ്ടു. ഒരു കോർണറിൽ നിന്ന് ജൂഡ് ബെല്ലിങ്ഹാമിലൂടെ ഡോർട്മുണ്ട് മാഞ്ചസ്റ്ററിൽ ലീഡ് എടുത്തു. 56ആം മിനുട്ടിൽ റൂയിസിന്റെ ക്രോസിന് തല വെച്ചായിരുന്നു ബെല്ലിങ്ഹാമിന്റെ ഗോൾ.

ഹാളണ്ട്

ഇതിനു ശേഷം മാഞ്ചസ്റ്റർ സിറ്റി അറ്റാക്കിന്റെ ശക്തി കൂട്ടി. ബെർണാഡോ സിൽവയും ആല്വാരസും കളത്തിൽ എത്തി. അവസാനം 80ആം മിനുട്ടിൽ ഡിഫൻഡർ സ്റ്റോൺസിന്റെ ഒരു അത്ഭുത സ്ട്രൈക്ക് സിറ്റിക്ക് സമനില നൽകി. പെനട്ടി ബോക്സിന് പുറത്ത് നിന്നായിരിന്നു ജോൺ സ്റ്റോൺസിന്റെ ഷോട്ട് വന്നത്. സ്കോർ 1-1

പിന്നെ വിജയ ഗോളിനായുള്ള ശ്രമം ആയിരുന്നു. ഹാളണ്ട് ഉള്ളപ്പോൾ പിന്നെ ആര് വിജയ ഗോൾ നേടും. 84ആം മിനുട്ടിൽ ഒരു അക്രൊബാറ്റിക്ക് എഫേർടിലൂടെ ഹാളണ്ട് സിറ്റിക്ക് ലീഡ് നൽകി. മനോഹരമായ ആ ഗോൾ തന്റെ മുൻ ക്ലബിനോടുള്ള ബഹുമാനം കാരണം ഹാളണ്ട് ആഘോഷിച്ചില്ല.

ഹാളണ്ടിന്റെ ഈ സീസണിലെ സിറ്റി ജേഴ്സിയിലെ പതിമൂന്നാം ഗോളാണ് ഇത്. ആകെ ഒമ്പത് മത്സരങ്ങളിൽ നിന്നാണ് ഈ ഗോളുകൾ. ഈ ഗോൾ സിറ്റിയുടെ ജയം ഉറപ്പിച്ചു. മാഞ്ചസ്റ്റർ സിറ്റി രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുന്നു. ഡോർട്മുണ്ടിന് മൂന്ന് പോയിന്റ് ആണുള്ളത്.