പോട്ടറിനും അടക്കാനാവാതെ ചെൽസി പ്രതിരോധത്തിലെ വിള്ളലുകൾ, ചാമ്പ്യൻസ് ലീഗിൽ സമനില

ചാമ്പ്യൻസ് ലീഗിൽ ചെൽസിയുടെ നില പരുങ്ങലിലേക്ക്. സാൽസ്ബർഗിനെ നെരിട്ട അവർ 1-1 ന്റെ സമനില മാത്രമാണ് ഇന്ന് നേടിയത്. ഇതോടെ ഗ്രൂപ്പിൽ കേവലം 1 പോയിന്റുമായി അവസാന സ്ഥാനക്കാരാണ് അവർ. പുതിയ പരിശീലകൻ ഗ്രഹാം പോട്ടറിന് കീഴിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ ചെൽസി ആക്രമണത്തിൽ മാറ്റം കാണിച്ചെങ്കിലൂം അനവസരത്തിൽ ഗോൾ വഴങ്ങുന്ന ശീലം ഇത്തവണയും മറന്നില്ല.

തന്റെ ആദ്യ സ്റ്റാർട്ടിങ് ഇലവനിൽ പ്രതിരോധത്തിൽ അനുഭവസമ്പത്തുള്ള തിയാഗോ സിൽവ , ക്യാപ്റ്റൻ അസ്പിലിക്വേറ്റ എന്നിവർക്കാണ് സ്ഥാനം നൽകിയത്. പരിക്കേറ്റ മെൻഡിക്ക് പകരം കെപ്പയും ആദ്യ ഇലവനിൽ ഇടം നേടി. ആദ്യ പകുതിയിൽ കളിയുടെ പരിപൂർണ്ണ നിയന്ത്രണം കൈവശം വച്ച ചെൽസി കൃത്യമായ ഇടവേളകളിൽ എതിർ ഗോൾ മുഖം അക്രമിച്ചെങ്കിലും ഗോൾ പിറന്നില്ല.

 

രണ്ടം പകുതിയിൽ മാറ്റങ്ങൾ ഇല്ലാതെ ഇറങ്ങിയ ചെൽസിക്ക് ആദ്യ ഗോളിനായി അധികം സമയം കാത്തിരിക്കേണ്ടി വന്നില്ല. കളിയുടെ 48 ആം മിനുട്ടിൽ മൗണ്ട് നൽകിയ പാസ് തന്റെ ട്രേഡ് മാർക്ക് ഫിനിഷിലൂടെ റഹീം സ്റ്റെർലിങ് വലയിലാക്കി. പിന്നീട് ലീഡ് ഉയർത്താൻ ഉള്ള അവസരങ്ങൾ കാര്യമായി സൃഷ്ടിക്കാതിരുന്ന ചെൽസി 75 ആം മിനുട്ടിൽ സമനില ഗോൾ വഴങ്ങി. ഒകാഫോർ ആണ് സാൽസ്ബർഗിന്റെ സമനില ഗോൾ നേടിയത്. പിന്നീട് പോട്ടർ സബ്സ്റ്റിറ്റിയൂഷനുകൾ ഇറക്കിയെങ്കിലും വിജയ ഗോൾ പിറന്നില്ല.