ഹോളണ്ടിന് വേണ്ടി ഗോളടിയിൽ ഇതിഹാസ താരം യൊഹാൻ ക്രൈഫിന്റെ റെക്കോർഡിനൊപ്പമെത്തി മെംഫിസ് ഡിപായ്. 71 മത്സരങ്ങളിൽ നിന്നായി 33 ഗോളുകളാണ് ബാഴ്സലോണ താരമായ ഡിപായ് അടിച്ചു കൂട്ടിയത്. ഇന്ന് നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ തുർക്കികെതിരെ ഒന്നിനെതിരെ ആറു ഗോളുകളുടെ വിജയമാണ് ഹോളണ്ട് നേടിയത്. ഹാട്രിക്ക് നേടി ഡിപായ് ഹോളണ്ടിന്റെ ജയത്തിന് ചുക്കാനും പിടിച്ചു.
ഹോളണ്ടിന് വേണ്ടി ഏറ്റവുമധികം ഗോളടിക്കുന്ന ആദ്യ പത്ത് താരങ്ങളുടെ ലിസ്റ്റിൽ ഡിപായ് ഇടം നേടി. ഹാട്രിക്ക് ഗോളുകൾ മത്സരത്തിൽ നേടിയതോട് കൂടി മുൻ ക്യാപ്റ്റൻ വെസ്ലി സ്നൈഡ്ജറുടെ റെക്കോർഡും ഡിപായ് മറികടന്നു. നിലവിൽ ക്രൈഫിന്റെയും ഏബ് ലെൻസ്ട്രയുടേയും റെക്കോർഡിനൊപ്പമാണ് ഡിപായുടെ സ്ഥാനം. 47 മത്സരങ്ങളിൽ നിന്നും 33 ഗോളുകൾ അടിച്ച ക്രൈഫ് 1974 ഹോളണ്ടിനെ ലോകകപ്പ് ഫൈനലിലും എത്തിച്ചിരുന്നു.