ഐസിസി വനിത ടി20 ലോകകപ്പിന്റെ സന്നാഹ മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് വിജയം. ഇന്ന് നടന്ന മത്സരത്തില്‍ ഓസ്ട്രേലിയന്‍ വനിതകള്‍ ദക്ഷിണാഫ്രിക്കയെയാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 6 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് നേടിയപ്പോള്‍ ഓസ്ട്രേലിയ 19.3 ഓവറില്‍ 150 റണ്‍സ് നേടി 4 വിക്കറ്റ് വിജയം ഉറപ്പാക്കുകയായിരുന്നു.
ക്യാപ്റ്റന്‍ ഡെയ്ന്‍ വാന്‍ നീകെര്‍ക്ക് നേടിയ അര്‍ദ്ധ ശതക പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് 147 റണ്‍സിലേക്ക് എത്തുവാന്‍ സഹായകരമായത്. 51 പന്തില്‍ നിന്ന് 7 ഫോറും 3 സിക്സും അടക്കമാണ് നീകെര്‍ക്ക് തന്റെ 62 റണ്‍സ് നേടിയത്. ലിസെല്‍ ലീ 29 റണ്‍സും മരിസാനെ കാപ്പ് 22 റണ്‍സുമാണ് നേടിയത്. ഓസ്ട്രേലിയയ്ക്കായി ഡെലിസ്സ കിമ്മിന്‍സ് രണ്ട് വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്കായി മെഗ് ലാന്നിംഗ് ക്യാപ്റ്റന്റെ ഇന്നിംഗ്സ് പുറത്തെടുത്തു. 36 പന്തില്‍ നിന്ന് 47 റണ്‍സ് നേടിയ മെഗ് ലാന്നിംഗ്സിന് പിന്തുണയായി റെയ്ച്ചല്‍ ഹെയ്ന്‍സ് 39 റണ്‍സ് നേടിയപ്പോള്‍ നിക്കോള കാറെ 13 പന്തില്‍ നിന്ന് പുറത്താകാതെ 17 റണ്‍സ് നേടി നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തു.
ഒരു ഘട്ടത്തില്‍ 35/4 എന്ന നിലയിലേക്ക് വീണ ശേഷമാണ് ഓസ്ട്രേലിയയുടെ ശക്തമായ തിരിച്ചുവരവ്. അഞ്ചാം വിക്കറ്റില്‍ 83 റണ്‍സ് കൂട്ടുകെട്ടുമായി മെഗ് ലാന്നിംഗ്-റെയ്ച്ചല്‍ ഹെയ്ന്‍സ് കൂട്ടുകെട്ടാണ് ടീമിന് തുണയായി മാറിയത്. അടുത്തടുത്ത ഓവറുകളില്‍ ഇരുവരും പുറത്തായെങ്കിലും പിന്നീടുള്ള സ്കോര്‍ നിക്കോള കാറെയും അന്നാബെല്‍ സത്തര്‍ലാണ്ടും വിജയം ഉറപ്പാക്കുകയായിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്കായി മരിസാനെ കാപ്പ് നാല് വിക്കറ്റ് നേടി. 4 ഓവറില്‍ വെറും 16 റണ്‍സ് വിട്ട് നല്‍കിയാണ് താരത്തിന്റെ മാസ്മരിക പ്രകടനം.