ലോകം കിലിയൻ എംബപ്പെ എന്ന അത്ഭുതത്തിന് മുന്നിൽ തല കുനിക്കുന്ന കാഴ്ചയാണ് ഈ വർഷങ്ങളിൽ തുടർച്ചയായി കണ്ടു കൊണ്ടിരിക്കുന്നത്. ലോകകപ്പ് പ്രീ ക്വാർട്ടർ മത്സരത്തിൽ പോളണ്ടിനു എതിരെ ലോക ചാമ്പ്യന്മാർ ആയ ഫ്രാൻസ് 3-1 ന്റെ വിജയം കുറിക്കുമ്പോൾ 2 ഉഗ്രൻ ഗോളുകളും 1 അസിസ്റ്റും കുറിച്ച എംബപ്പെ ആണ് അവരുടെ വിജയ ശിൽപി ആയത്. കഴിഞ്ഞ ലോകകപ്പിൽ നാലു ഗോളുകൾ നേടിയ എംബപ്പെ ഈ ലോകകപ്പിൽ ഇത് വരെ 5 ഗോളുകൾ ആണ് കുറിച്ചത്. ഫ്രാൻസിന് ആയി രണ്ടു ലോകകപ്പുകളിൽ നാലോ അതിൽ അധികം ഗോൾ നേടുന്നതോ ആയ ആദ്യ താരം ആയി മാറിയ പി.എസ്.ജി താരം ഫ്രാൻസിന് ആയുള്ള ഗോൾ വേട്ടയിൽ സാക്ഷാൽ സിനദിൻ സിദാനെയും മറികടന്നു.
23 കാരനായ എംബപ്പെ 24 വയസ്സ് ആവുന്നതിനു മുമ്പ് ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുക എന്ന റെക്കോർഡും സ്വന്തം പേരിൽ കുറിച്ചു. ഫുട്‌ബോൾ രാജാവ് സാക്ഷാൽ പെലെയെ ആണ് ഈ നേട്ടത്തിൽ താരം മറികടന്നത്. ലോകകപ്പ് ഗോൾ വേട്ടയിൽ സാക്ഷാൽ ലയണൽ മെസ്സിക്ക് ഒപ്പം എത്തിയ എംബപ്പെ ഡീഗോ മറഡോണ, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയവരെ ഈ നേട്ടത്തിൽ മറികടക്കുകയും ചെയ്തു. വെറും രണ്ടേ രണ്ടു ലോകകപ്പുകളിൽ നിന്നാണ് 1998 ൽ ജനിച്ച എംബപ്പെ ഇത്രയും റെക്കോർഡുകൾ പഴയ കഥ ആക്കിയതിനാൽ തന്നെ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമാവാനുള്ള കുതിപ്പിൽ റൊണാൾഡോയെയും ക്ലോസെയെയും എല്ലാം ഈ പ്രതിഭാസം ഫുട്‌ബോളിൽ നിന്നു വിരമിക്കും മുമ്പ് മറികടക്കും എന്നു ഏതാണ്ട് ഉറപ്പാണ്.