3 വർഷത്തെ കരാർ, 300 മില്യൺ ബോണസ്!! എമ്പപ്പെ അല്ല ആരുടെയും മനസ്സ് മാറും

എമ്പപ്പെ അല്ല ആരുടെയും മനസ്സ് മാറുന്ന ഓഫർ ആണ് എമ്പപ്പെയ്ക്ക് മുന്നിൽ പി എസ് ജി വെച്ചത്. ഇന്ന് ഫബ്രിസിയോ റൊമാനോ കൂടെ ഉറപ്പ് പറഞ്ഞതോടെ എമ്പപ്പെ ക്ലബ് വിടില്ല എന്ന് ഉറപ്പായിരിക്കുകയാണ്. 3 വർഷത്തെ പുതിയ കരാർ ആകും എമ്പപ്പെ പി എസ് ജിയിൽ ഒപ്പുവെക്കുക. 300 മില്യൺ യൂറോ എമ്പപ്പെക്ക് സൈനിംഗ് ബോണസ് ആയി ലഭിക്കും. അതായത് 2500 കോടിയോളം രൂപ. ഫുട്ബോൾ ലോകത്ത് എന്നല്ല കായിക ലോകത്ത് തന്നെ സമാനതകൾ ഇല്ലാത്ത ഡീലാണിത്.

ഇന്ന് രാത്രി പി എസ് ജി മത്സരത്തിനു ശേഷം എമ്പപ്പെ ഔദ്യോഗികമായി തന്റെ പി എസ് ജിയിൽ നിൽക്കാനുള്ള തീരുമാനം പ്രഖ്യാപിക്കും. ഇന്ന് എമ്പപ്പെ റയൽ മാഡ്രിഡ് പ്രസിഡന്റ് പെരസിനെ വിളിച്ച് താൻ പി എസ് ജിയിൽ തുടരുകയാണെന്ന് ഔദ്യോഗികമായി അറിയിച്ചു. റയലിനിത് വലിയ തിരിച്ചടിയാണ്. എമ്പപ്പെയുടെ വാക്ക് വിശ്വസിച്ച് നിൽക്കുക ആയിരുന്നു റയൽ മാഡ്രിഡ് ഇതുവരെ.20220521 174411

പി എസ് ജി വർഷം 50മില്യൺ യൂറോ വേതനമായി നൽകാൻ ആണ് തയ്യാറായിരിക്കുന്നത്. ഏകദേശം 400 കോടിക്ക് മുകളിൽ വരും ഇത്. എമ്പപ്പെയ്ക്ക് റയൽ നൽകാം എന്ന് പറഞ്ഞതിനെക്കാൾ ഇരട്ടിയോളം ആണ് ഈ തുക. എമ്പപ്പെയുടെ കരാറിൽ അടുത്ത പി എസ് ജി പരിശീലകനെ നിയമിക്കുന്നതിൽ വരെ എമ്പപ്പെക്ക് സ്വാധീനം നൽകുന്ന വ്യവസ്ഥകൾ ഉണ്ടെന്നാണ് റിപ്പോർട്ട്.