അങ്ങനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന്റെ ദീർഘകാലമായ അന്വേഷണത്തിന് അവസാനം. ക്ലബ് ആദ്യമായി ഒരു ഫുട്ബോൾ ഡയറക്ടറെയും ടെക്നിക്കൽ ഡയറക്ടറെയും നിയമിച്ചു. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഡാരൻ ഫ്ലച്ചർ ആണ് ടെക്നിക്കൽ ഡയറക്ടർ ആയി എത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഹെഡ് ഓഫ് ഫുട്ബോൾ ഡെവലപ്മെന്റ് ആയി പ്രവർത്തിച്ചു വന്നിരുന്നു ജോൺ മുർട്ടോ ആണ് ഫുട്ബോൾ ഡയറക്ടർ.
ഒരുകാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമായിരുന്ന ഡാരൻ ഫ്ലച്ചർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒലെയുടെ സഹ പരിശീലകനായി അടുത്തിടെ തിരികെയെത്തിയിരുന്നു. അവിടെ നിന്നാണ് ടെക്നിക്കൽ ഡയറക്ടർ ആയി സ്ഥാന കയറ്റം കിട്ടുന്നത്. ഇനി യുണൈറ്റഡിന്റെ ട്രാൻസ്ഫറുകൾ ഒക്കെ തീരുമാനിക്കുക ഫ്ലച്ചറും ജോണും കൂടിയാകും. ഇത്ര കാലവും വുഡ്വാർഡിനായിരുന്നു ചുമതല. വുഡ്വാർഡിന്റെ ട്രാൻസ്ഫറുകൾ പലതും വലിയ പരാജയം ആയതാണ് ഫുട്ബോളിൽ ജ്ഞാനം ഉള്ളവരെ ഇതിനായി നിയമിക്കാൻ യുണൈറ്റഡ് തീരുമാനിച്ചത്.
ക്ലബിനു വേണ്ടി 300ൽ അധികം മത്സരങ്ങൾ കളിച്ച ഫ്ലച്ചർ ടെക്നിക്കൽ ഡയറക്ടർ ആയത് ആരാധകർക്കും സന്തോഷം നൽകുന്ന കാര്യമാണ്.