റയൽ സോസിഡാഡിനെതിരായ രണ്ടാം പാദ മത്സരത്തിൽ ഓൾഡ്ട്രാഫോർഡിൽ സമനില വഴങ്ങി കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗ് പ്രീക്വാർട്ടറിലേക്ക് കടന്നു. ഇന്ന് ഗോൾ രഹിതമായാണ് മത്സരം അവസാനിച്ചത്. ആദ്യ പാദത്തിൽ യുണൈറ്റഡ് എതിരില്ലാത്ത നാലു ഗോളുകൾക്ക് വിജയിച്ചിരുന്നു.
4-0ന്റെ ആദ്യ പാദ ലീഡ് ഉണ്ടായിരുന്നു എങ്കിലും ഇന്ന് ശക്തമായ ടീമുമായി തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങിയത്. എങ്കിലും കളി മികച്ച രീതിയിൽ തുടങ്ങിയത് റയൽ സോസിഡാഡ് ആയിരുന്നു. 14ആം മിനുട്ടിൽ അവർക്ക് ഒരു പെനാൾട്ടി ലഭിക്കുകയും ചെയ്തു. എന്നാൽ അവരുടെ ക്യാപ്റ്റൻ ഒയാർസബാല എടുത്ത പെനാൾട്ടി ലക്ഷ്യത്തിൽ എത്തിയില്ല. ആദ്യമായാണ് സോസിഡാഡിനായി ഒയാർസബാല ഒരു പെനാൾട്ടി നഷ്ടമാക്കുന്നത്.
ഈ പെനാൾട്ടിക്ക് ശേഷം ഉണർന്ന് കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് അവസരങ്ങൾ സൃഷ്ടിച്ചു. ഫ്രെഡിന്റെ പാസിൽ നിന്ന ബ്രൂണൊ ഫെർണാണ്ടസ് എടുത്ത ഷോട്ട് ഗോൾ പോസ്റ്റിൽ തട്ടി മടങ്ങി. ബ്രൂണൊ ഫെർണാണ്ടസ് ഒരുക്കിയ ഒരു അവസരത്തിൽ നിന്നുള്ള ഡാനിയൽ ജെയിംസിന്റെ ഹെഡർ സോസിഡാഡ് ഗോളി സമർത്ഥമായി തട്ടിയകറ്റുകയുൻ ചെയ്തു.
രണ്ടാം പകുതിയ ബ്രൂണൊ ഫെർണാണ്ടസ്, വാൻ ബിസാക എന്നിവരെയൊക്കെ ഒലെ ഗണ്ണാർ സോൾഷ്യാർ പിൻവലിച്ചു. 63ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ടുവൻസബെ ഹെഡറിലൂടെ ഗോൾ നേടിയെങ്കിലും കോർണറിനിടയിൽ ലിൻഡെലോഫ് ഫൗൾ നടത്തി എന്ന് കാണിച്ച് വാർ ആ ഗോൾ നിഷേധിച്ചു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ടീനേജ് താരങ്ങളായ അമാദ് ദിയാലോയും ഷൊല ഷൊർടെരേയും യുണൈറ്റഡിനായി കളത്തിൽ ഉണ്ടായിരുന്നു. 17കാരനായ ഷൊല മാഞ്ചസ്റ്റർ യുണൈറ്റഡിനായി യൂറോപ്യൻ മത്സരം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി.