ആൻഫീൽഡിൽ വീഴാത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് ഓൾഡ്ട്രാഫോർഡിൽ വീഴുമെന്ന് കരുതിയവർക്ക് നിരാശരാകാം. എഫ് എ കപ്പിൽ ഇന്ന് കണ്ട ക്ലാസിക് പോരാട്ടം ജയിച്ച് ഒലെയുടെ ചുവന്ന ചെകുത്താന്മാർ എഫ് എ കപ്പ് അഞ്ചാം റൗണ്ടിലേക്ക് കടന്നു. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം പൊരുതി കയറിയ യുണൈറ്റഡ് രണ്ടിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്.
ബ്രൂണൊ ഫെർണാണ്ടസ്, ഫ്രെഡ്, ഡിഹിയ എന്നിവർ ഒന്നും ഇല്ലാതെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങിയത്. ലിവർപൂൾ നിരയിൽ മാനെയും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ആഴ്ച ആൻഫീൽഡിൽ കണ്ടതിനാൽ നല്ല അറ്റാക്കിംഗ് മത്സരമാണ് ഇന്ന് കണ്ടത്. ഗ്രീൻവുഡിലൂടെ അലിസണെ പരീക്ഷിക്കാൻ തുടക്കത്തിൽ തന്നെ യുണൈറ്റഡിനായി. ആക്രമണങ്ങൾ നടത്തിയത് യുണൈറ്റഡ് ആണെങ്കിലും ആദ്യ ഗോൾ നേടിയത് ലിവർപൂൾ ആയിരുന്നു.
18ആം മിനുട്ടിൽ സലായിലൂടെ ആയിരുന്നു ആ ഗോൾ. ഫർമിനോയുടെ പാസിൽ നിന്ന് പന്ത് സ്വീകരിച്ച് സലാ ഡീൻ ഹെൻഡേഴ്സണ് മുകളിലൂടെ പന്ത് ചിപ് ചെയ്ത് വലയിൽ എത്തിച്ചു. ആ ഗോളിൽ യുണൈറ്റഡ് പതറിയില്ല. മത്സരത്തിൽ തുടക്കം മുതൽ നന്നായി കളിച്ച റാഷ്ഫോർഡായിരുന്നു യുണൈറ്റഡിന് സമനില ഗോളിനുള്ള വഴി ഒരുക്കിയത്.
26ആം മിനുട്ടിൽ പോഗ്ബയും വാൻഡെബീകും തുടങ്ങിയ കൗണ്ടർ അറ്റാക്ക് റാഷ്ഫോർഡിൽ എത്തി. റാഷ്ഫോർഡ് ഗംഭീര ക്രോസ് ഫീൽഡ് പാസിലൂടെ ഗ്രീൻവുഡിനെ കണ്ടെത്തി. ടീനേജ് താരത്തിന്റെ വലം കാലൻ ഷോട്ട് അലിസണെ സാക്ഷിയാക്കി വലയിലേക്ക് പോയി. ഈ ഗോളിന് ശേഷം ലീഡ് എടുക്കാൻ യുണൈറ്റഡിന് നിരവധി അവസരങ്ങൾ ലഭിച്ചു എങ്കിലും മുതലെടുക്കാൻ ആയില്ല.
രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ ലീഡ് എടുക്കാൻ യുണൈറ്റഡിനായി. ഒരിക്കൽ കൂടെ ഗ്രീൻവുഡ് റാഷ്ഫോർഡ് കൂട്ടുകെട്ടാണ് ഗോൾ തന്നത്. ഇത്തവണ ഗ്രീൻവുഡിന്റെ പാസ് റാഷ്ഫോർഡിനെ കണ്ടത്തി. അനായാസം റാഷ്ഫോർഡ് യുണൈറ്റഡിനെ മുന്നിൽ എത്തിച്ചു. ലീഡ് എടുത്ത ശേഷം യുണൈറ്റഡ് അലസരായത് ലിവർപൂളിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു.
58ആം മിനുട്ടിൽ വീണ്ടും സലാ യുണൈറ്റഡ് വലയിൽ പന്ത് എത്തിച്ചു. ഇത്തവണയും ഫർമീനോ തന്നെ ആയിരുന്നു അസിസ്റ്റ് നൽകിയത്. സ്കോർ 2-2 എന്നായതിനു ശേഷം രണ്ടു ടീമുകളും കൂടുതൽ അറ്റാക്കിഗ് സബ്ബുകൾ നടത്തി. ലിവർപൂൾ മാനെയെ ഇറക്കിയപ്പോൾ യുണൈറ്റഡ് ബ്രൂണൊ ഫെർണാണ്ടസിനെയും ഇറക്കി.
സലായ്ക്ക് ഹാട്രിക്ക് അടിക്കാൻ അവസരം കിട്ടി എങ്കിലും ഹെൻഡേഴ്സൺ യുണൈറ്റഡിന്റെ രക്ഷയ്ക്ക് എത്തി. മറുവശത്ത് കവാനി യുണൈറ്റഡിന് പെനാൾട്ടി ബോക്സിന്റെ എഡ്ജിൽ നിന്ന് ഫ്രീകിക്ക് നേടിതന്നു. ഫ്രീകിക്ക് എടുത്ത ബ്രൂണോ അളന്നു മുറിച്ചത് പോലെ പന്ത് വലയിൽ എത്തിച്ചു. സ്കോർ 3-2. യുണൈറ്റഡ് വീണ്ടും ലീഡിൽ.
ഇതിനു ശേഷം 89ആം മിനുട്ടിൽ കവാനിയുടെ ഒരു പവർഫുൾ ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങി. ഇത് യുണൈറ്റഡിന് നിരാശ നൽകി. എങ്കിലും അവസാന വിസിൽ വരെ സമർത്ഥമായി ഡിഫൻഡ് ചെയ്ത യുണൈറ്റഡ് ലിവർപൂളിന്റെ പരാജയം ഉറപ്പിച്ചു. ലിവർപൂൾ അവസാന ഏഴു മത്സരങ്ങളിൽ ഒരു മത്സരം മാത്രമാണ് വിജയിച്ചത്.