മാഞ്ചസ്റ്റർ യുണൈറ്റഡിന് സീസണിലെ ആദ്യ വിജയം. ഇന്ന് ലീഗ് കപ്പിന്റെ മൂന്നാം റൗണ്ടിൽ ലൗടണെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. മികച്ച പ്രകടനം നടത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് അനായാസനാണ് വിജയിച്ച് നാലാം റൗണ്ടിലേക്ക് കടന്നത്. പോഗ്ബ, ബ്രൂണോ, മാർഷ്യൽ, റാഷ്ഫോർഡ് എന്ന് തുടങ്ങി പല പ്രധാന താരങ്ങളെയും ആദ്യ ഇലവനിൽ നിന്ന് പുറത്ത് നിർത്തിയാണ് യുണൈറ്റഡ് ഇന്ന് ഇറങ്ങിയത്.
യുവ ഗോൾ കീപ്പർ ഡീൻ ഹെൻഡേഴ്സൺ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനായി അരങ്ങേറ്റം നടത്തി. വളരെ സാവധാനം മത്സരം ആരംഭിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ പകുതി അവസാനിക്കിന്നതിന് തൊട്ടുമുമ്പാണ് പെനാൾട്ടിയിലൂടെ ലീഡ് എടുത്തത്. ലെഫ്റ്റ് ബാക്കായ ബ്രാണ്ടൺ ആണ് പെനാൾട്ടി വാങ്ങി തന്നത്. ആ പെനാൾട്ടി ലക്ഷ്യം തെറ്റാതെ യുവാൻ മാറ്റ വലയിൽ എത്തിച്ചു.
രണ്ടാം പകുതിയിൽ നിരവധി അവസരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് സൃഷ്ടിച്ചു എങ്കിലും രണ്ടാം ഗോൾ നേടാൻ പെട്ടെന്ന് പറ്റിയില്ല. മറുവശത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഡീൻ ഹെൻഡേഴ്സൺ ഒരു നിർണായക സേവുമായി 80ആം മിനുട്ടിൽ യുണൈറ്റഡ് രക്ഷകനാകുന്നതും കാണാൻ കഴിഞ്ഞു. പുതിയ സൈനിംഗ് വാൻ ഡെ ബീകും ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി മികച്ചു നിന്നു.
സബ്ബായി ഗ്രീൻവുഡ്, റാഷ്ഫോർഡ്, ബ്രൂണോ എന്നിവർ എത്തിയതോടെയാണ് ബാക്കി രണ്ട് ഗോളുകൾ വന്നത്. കളിയുടെ 88ആം മിനുട്ടിൽ മേസൺ ഗ്രീൻവുഡിന്റെ പാസ് സ്വീകരിച്ച് മുന്നേറിയ മാർക്കസ് റാഷ്ഫോർഡാണ് രണ്ടാം ഗോൾ നേടിയത്. റാഷ്ഫോർഡിന്റെ സീസണിലെ ആദ്യ ഗോളായിരുന്നു ഇത്. പിന്നാലെ ഗ്രീൻവുഡിന്റെ ആദ്യ ഗോളും വന്നു. ഈ പ്രകടനത്തോടെ ഫോമിലേക്ക് തിരികെ എത്തി ആകും എന്നാണ് യുണൈറ്റഡ് ആരാധകർ വിശ്വസിക്കുന്നത്.