മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീസീസൺ മികച്ച വിജയത്തോടെ അവസാനിപ്പിച്ചു. ഇന്ന് നടന്ന അവസാന പ്രീസീസൺ മത്സരത്തിൽ പ്രീമിയർ ലീഗ് ക്ലബായ എവർട്ടണെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത നാലു ഗോളുകൾക്കാണ് വിജയിച്ചത്. പ്രധാന താരങ്ങളിൽ ഭൂരിഭാഗവും ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളത്തിൽ ഇറങ്ങിയിരുന്നു. കവാനി, സാഞ്ചോ, വരാനെ എന്നിവർ മാത്രമായിരുന്നു ഇന്ന് ഇല്ലാതിരുന്ന പ്രധാന താരങ്ങൾ. പരിക്കേറ്റ റാഷ്ഫോർഡും ഉണ്ടായിരുന്നില്ല.
ഇന്ന് ആദ്യ 30 മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്ന് ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. തുടക്കത്തിൽ എവർട്ടൺ ഗോൾ കീപ്പർ പിക്ക്ഫോർഡിന്റെ പിഴവു മുതലെടുത്ത് മേസൺ ഗ്രീൻവുഡ് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ഗോൾ നേടിയത്. പിന്നാലെ ഒരു കോർണറിൽ നിന്ന് ഹാരി മഗ്വയർ യുണൈറ്റഡിന്റെ ലീഡ് ഇരട്ടിയാക്കി. 29ആം മിനുട്ടിൽ ഒരു ഫ്രീകിക്കിലൂടെ ബ്രൂണോ ഫെർണാണ്ടസ് മൂന്നാം ഗോളും നേടി. ഈ ഗോളായിരുന്നു കളിയിലെ ഏറ്റവും മികച്ച ഗോൾ.
രണ്ടാം പകുതിയിൽ പോഗ്ബ, ഫ്രെഡ്, മക്ടോമിനെ എന്നിവരൊക്കെ കളത്തിൽ ഇറങ്ങി. യുവ ഫുൾബാക്ക് ഡിയോഗോ ഡാലോട്ട് ആണ് ഒരു ഹെഡറിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നാലാം ഗോൾ നേടിയത്. ഇനി ഓഗസ്റ്റ് 14ന് പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ്സ് യുണൈറ്റഡിനെ നേരിടും.