ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാൻ കഴിയാതിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗും കൈവിട്ടു കളയുമായിരുന്നു. ഇന്ന് അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിസ്റ്റൽ പാലസിനോട് പരാജയപ്പെട്ട യുണൈറ്റഡിനെ ബ്രൈറ്റണ് ആണ് കോൺഫറൻസ് ലീഗിൽ നിന്ന് രക്ഷിച്ചത്. വെസ്റ്റ് ഹാമിനെ ബ്രൈറ്റൺ 3-1ന് തോൽപ്പിച്ചത് ആണ് യുണൈറ്റഡിന് ആശ്വാസമായത്.
ഇന്ന് പാലസിന്റെ ഹോം ഗ്രൗണ്ടിൽ പുതിയ പരിശീലകൻ എറിക് ടെൻ ഹാഗ് സ്റ്റാൻഡിൽ ഇരിക്കെ യുണൈറ്റഡ് ദയനീയ ഫുട്ബോൾ ആണ് കാഴ്ചവെച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോളടിക്കാൻ പ്രയാസപ്പെട്ടു. മറുവശത്ത് പാലസ് നിരവധി അവസരങ്ങൾ സൃഷ്ടിച്ചും ഡിഹിയയുടെ നല്ല സേവുകൾ മാത്രമായിരുന്നു യുണൈറ്റഡിനെ രക്ഷിച്ചത്.
പക്ഷെ ആ രക്ഷപ്പെടുത്തലുകളും മതിയായില്ല. 37ആം മിനുട്ടിൽ യുണൈറ്റഡ് സമ്മാനിച്ച അവസരം മുതലെടുത്ത് സാഹയാണ് ക്രിസ്റ്റൽ പാലസിന് ലീഡ് നൽകിയത്.
ബ്രൈറ്റന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 41ആം മിനുട്ടിൽ അന്റോണിയോയിലൂടെയാണ് വെസ്റ്റ് ഹാം ലീഡ് എടുത്തത്. രണ്ടാം പകിതിയുടെ തുടക്കത്തിൽ വെൽറ്റിമാനിലൂടെ ബ്രൈറ്റൺ സമനില കണ്ടെത്തി. സ്കോർ 1-1. എന്നാൽ രണ്ട് ഗോൾ തിരിച്ചടിച്ചു കൊണ്ട് ബ്രൈറ്റൺ 3-1ന്റെ വിജയം ഉറപ്പിച്ചു.
ഈ പരാജയത്തോടെ വെസ്റ്റ് ഹാം യുണൈറ്റഡ് 56 പോയിന്റുമായി എഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. അവർ കോൺഫറൻസ് ലീഗിൽ കളിക്കും. 58 പോയിന്റുമായി ആറാമത് ഫിനിഷ് ചെയ്ത യുണൈറ്റഡിന് യൂറോപ്പ ലീഗിലും കളിക്കാം. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീമിയർ ലീഗിലെ ഏറ്റവും മോശം സീസണാണിത്.