ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസി പോരാട്ടത്തിന് ആവേശകരമായ അന്ത്യം. ഇന്ന് ഇഞ്ച്വറി ടൈമിൽ കസമിറോ നേടിയ ഗോളിൽ ചെൽസിയെ 1-1 ന്റെ സമനിലയിൽ നിർത്താൻ ചെൽസിക്ക് ആയി. 87ആം മിനുട്ടിൽ ലീഡ് എടുത്ത ശേഷമാണ് ചെൽസിക്ക് വിജയം നഷ്ടമായത്.
ഇന്ന് സ്റ്റാംഫോബ്രിഡ്ജിൽ ആദ്യ പകുതിയിൽ കളി നിയന്ത്രിച്ചത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആയിരുന്നു. മൂന്നിലധികം മികച്ച അവസരങ്ങൾ യുണൈറ്റഡ് സൃഷ്ടിച്ചു. റാഷ്ഫോർഡിന് ആയിരുന്നു ആദ്യ രണ്ട് നല്ല അവസരങ്ങൾ ലഭിച്ചത്. രണ്ടു ലക്ഷ്യത്തിൽ എത്തുന്നത് കെപ തടഞ്ഞു. ചെൽസി ഗോൾ കീപ്പർ സമീപകാലത്തെ തന്റെ ഫോം തുടരുകയായിരുന്നു.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ബ്രൂണോ ഫെർണാണ്ടസിന്റെ പാസിൽ നിന്ന് ആന്റണിക്കും ഒരവസരം ലഭിച്ചു. എന്നാൽ വീക്ക് ഫൂട്ടിൽ പന്ത് ടാർഗറ്റിലേക്ക് തൊടുക്കാൻ ആന്റണിക്ക് ആയില്ല.
രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫ്രെഡിനെ കളത്തിൽ ഇറക്കി. പരിക്കേറ്റ വരാനെക്ക് പകരം ലിൻഡെലോഫും കളത്തിൽ എത്തി. രണ്ടാം പകുതിയിൽ അധികം അവസരങ്ങൾ വന്നില്ല. 73ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ചലോബയുടെ ഹെഡറിലൂടെ ചെൽസി ഗോളിനടുത്തു. പക്ഷെ ആ ഹെഡറ് പോസ്റ്റിൽ തട്ടി പുറത്തേക്ക് പോയി.
ചെൽസി ഔബയെ മാറ്റി പുലിസികിനെ കളത്തിൽ ഇറക്കി. 75ആം മിനുട്ടിലെ ബ്രൂണോയുടെ ഒരു ഷോട്ട് ആയിരുന്നു രണ്ടാം പകുതിയിൽ പിറന്ന ആദ്യ ഷോട്ട് ഓൺ ടാർഗറ്റ്. ഈ ഷോട്ട് കെപ സേവ് ചെയ്തു ചെൽസിയെ രക്ഷിച്ചു.
84ആം മിനുട്ടിൽ മക്ടോമിനെ ചെൽസിക്ക് പെനാൾട്ടി സമ്മാനിച്ചു. ഒരു കോർണർ ഡിഫൻഡ് ചെയ്യുന്നതിനിടെ ആയിരുന്നു അനാവശ്യമായി മക്ടോമിനെ പെനാൾട്ടി നൽകിയത്. പെനാൾട്ടി എടുത്ത ജോർഗീഞ്ഞോ അനായാസം ചെൽസിക്ക് ലീഡ് നൽകി. ഈ പെനാൾട്ടി ചെൽസിക്ക് വിജയം നൽകും എന്നാണ് കരുതിയത്.
എന്നാൽ ഇഞ്ച്വറി ടൈമിലെ കസമെറോയുടെ ഒരു ഹെഡർ യുണൈറ്റഡിന് സമനില നൽകി. താരത്തിന്റെ ആദ്യ യുണൈറ്റഡ് ഗോളായിരുന്നു ഇത്. കസമേറോയുടെ ഹെഡർ കെപ തടഞ്ഞു എങ്കിലും അപ്പോഴേക്ക് പന്ത് ഗോൾ വര കഴിഞ്ഞിരുന്നു.
ഈ സമനിലയോടെ ചെൽസി 21 പോയിന്റിൽ എത്തി. അവർ നാലാമതും 20 പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ചാമതും നിൽക്കുന്നു.