മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രീസീസണിൽ വിജയം തുടരാൻ ആയില്ല. ഇന്ന് നടന്ന പ്രീസീസണിലെ നാലാം മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആസ്റ്റൺ വില്ലയോട് സമനിലക്ക് പിരിഞ്ഞു. അവസാന നിമിഷം നേടിയ ഗോളിലൂടെ ആണ് വില്ല 2-2 എന്ന സമനില നേടിയത്.
ഇന്ന് ഓസ്ട്രേലിയയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിട്ടത് ഇതുവരെ അവർ നേരിട്ടതിനേക്കാൾ കടുപ്പമുള്ള ടെസ്റ്റ് ആയിരുന്നു. ആസ്റ്റൺ വില്ല തുടക്കത്തിൽ പതറി എങ്കിലും പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം തന്നെ നിന്നു. തുടക്കത്തിൽ തന്നെ മഗ്വയറിന്റെയും സാഞ്ചോയുടെ രണ്ട് നല്ല ഷോട്ടുകൾ ആസ്റ്റൺ വില്ല കീപ്പർ മാർട്ടിനസ് തടഞ്ഞു. പിന്നീട് 25ആം മിനുട്ടിൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുത്തത്.
ഇടതു വിങ്ങിലൂടെ വന്ന് ലൂക് ഷോ നൽകിയ ക്രോസ് ഒരു വോളിയിലൂടെ സാഞ്ചോ വലയിൽ എത്തിക്കുക ആയിരുന്നു. സാഞ്ചോയുടെ പ്രീസീസൺ ടൂറിലെ മൂന്നാം ഗോളാണിത്. ഇതിനു ശേഷം 42ആം മിനുട്ടിൽ ഒരു സെൽഫ് ഗോൾ യുണൈറ്റഡിന്റെ ലീഡ് ഇരട്ടിയാക്കി. സാഞ്ചോയുടെ പാസിൽ നിന്ന് റാഷ്ഫോർഡ് തൊടുത്ത് ഷോട്ട് വലിയ ഡിഫ്ലക്ഷനോടെ ഗോളായി മാറുക ആയിരുന്നു.
ആദ്യ പകുതി പോലെ ആയില്ല രണ്ടാം പകുതി. രണ്രാം പകുതിയിൽ ആസ്റ്റൺ വില്ല മികച്ച പ്രകടനം കാഴ്ചവെച്ചു. അവർ തുടക്കത്തിൽ തന്നെ ലിയോൺ ബൈലിയിലൂടെ ഒരു ഗോൾ മടക്കി. ആസ്റ്റൺ വില്ല സമനിലക്കായി ശ്രമിച്ചു. ആ ശ്രമം കളിയുടെ അവസാന ടച്ചിൽ വിജയിച്ചു. ഒരു കോർണറ്രിൽ നിന്ന് ചാമ്പേഴ്സ് ആണ് വില്ലക്ക് വേണ്ടി സമനില നേടിയത്
ഇനി ജൂലൈ 30ന് അത്ലറ്റിക്കോ മാഡ്രിഡിനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുക.