എൽ ക്ലാസിക്കോയുമായി പ്രീ സീസൺ ആരംഭിക്കാൻ റയൽ, ലെവെന്റോവ്സ്കിയെ അവതരിപ്പിക്കാൻ ബാഴ്‌സലോണ

Img 20220723 220813

അവസാന സീസണിലെ മികച്ച പ്രകടനം തുടരാൻ ഒരുങ്ങുന്ന റയലും സാവിയുടെ കീഴിൽ പുതിയ തുടക്കം ആഗ്രഹിക്കുന്ന ബാഴ്‌സയും പ്രീ സീസൺ ഒരുക്കങ്ങളുടെ ഭാഗമായി അമേരിക്കയിലാണ്. ലാസ് വെഗാസിലെ അല്ലീജിയന്റ് സ്റ്റേഡിയം നാളെ എൽ ക്ലാസിക്കോ പോരാട്ടത്തിന് സാക്ഷിയാവും. ഇന്ത്യൻ സമയം രാവിലെ എട്ട് മുപ്പതിനാണ് മത്സരത്തിന് പന്തുരുണ്ട് തുടങ്ങുക. ഇരു ടീമുകളുടെയും ശക്തിപ്രകടനം എന്നതിനപ്പുറം അടുത്ത സീസണിൽ കോച്ചുമാർക്ക് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരീക്ഷണങ്ങളും മത്സരത്തിൽ കാണാം.

എന്നും ലോകത്തിലെ ഏറ്റവും മികച്ച താരങ്ങൾ മുഖാമുഖം വന്നിട്ടുള്ള എൽ ക്ലാസിക്കോ പോരാട്ടങ്ങളിൽ നാളെ നോട്ടപ്പുള്ളികൾ ആവുന്നത് ഇരു ടീമുകളുടെയും മുന്നേറ്റ താരങ്ങൾ ആവും, ബെൻസിമയും ലെവന്റോവ്സ്കിയും. തങ്ങളുടെ പുതിയ ഇറക്കുമതിയായ ലെവെന്റോവ്സ്കിക്ക് നാളെ ക്ലബ്ബ് ജേഴ്‌സിയിൽ അരങ്ങേറാൻ അവസരമൊരുക്കും. ടീമിൽ പുതുതായി എത്തിയ മറ്റ് താരങ്ങൾ എല്ലാം ആദ്യ പരിശീലന മത്സരങ്ങളിൽ ടീമിനായി ഇറങ്ങിയിരുന്നു. തന്റെ അരങ്ങേറ്റ മത്സരം തന്നെ അവിസ്മരണീയമാക്കിയ റാഫിഞ്ഞ റയലിനെതിരെയും ആദ്യ പതിനൊന്നിൽ തന്നെ സ്ഥാനം പിടിക്കും. മുന്നേറ്റനിരയിൽ പുതുതായി ആരെയും എത്തിക്കാതെ ഒരിക്കൽ കൂടി കരീം ബെൻസിമയിൽ തന്നെ വിശ്വാസം അർപ്പിച്ചാണ് റയൽ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്നത്. നാളത്തെ മത്സരത്തിന് ബെൻസിമ ഉണ്ടായേക്കില്ല എന്നായിരുന്നു ആദ്യ സൂചനകൾ എങ്കിലും അമേരിക്കയിൽ ടീമിനോടൊപ്പം താരം എത്തിയതോടെ നാളെ ഇറങ്ങുമെന്ന് ഉറപ്പാണ്. പരിക്ക് മാറി എത്തുന്ന ഹാസർഡിനെ ആൻസലോട്ടി എങ്ങനെ ഉപയോഗിക്കും എന്നത് നാളത്തെ മത്സരത്തിലും വരാൻ പോകുന്ന സീസണിലും ആരാധകർ ഒരുപോലെ ഉറ്റുനോക്കുന്നുണ്ട്.

പിൻനിരയിൽ റൂഡിഗർ റയലിനായി ഇറങ്ങും. ചെൽസി വിട്ട് വന്ന ജർമൻ താരത്തിന്റെ ആദ്യ മത്സരമാകും റയലിന് വേണ്ടി. പോസ്റ്റിന് കീഴിൽ അപാര ഫോമിലുള്ള കുർട്ടോ കൂടി ആവുമ്പോൾ ബാഴ്‌സയുടെ പുത്തൻ മുന്നേറ്റ നിരക്ക് യഥാർത്ഥ പരീക്ഷണം ആവും മത്സരം. ജെറാർഡ് പിക്വേ പരിക്കിൽ നിന്ന് മുക്തനായിട്ടുണ്ടെങ്കിലും നാളെ ഇറങ്ങുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. മറ്റൊരു താരം ചൗമേനിയും റയലിനായി അരങ്ങേറും.

പ്രീ സീസണിലെ മൂന്നാം മത്സരത്തിന് ബാഴ്‌സ ഇറങ്ങുമ്പോൾ തങ്ങളുടെ ആദ്യ മത്സരത്തിനാണ് റയൽ ഇറങ്ങുന്നത്. പരിശീലന മത്സരമെങ്കിലും എക്കാലത്തെയും ചിരവൈരികൾ എതിരെ നിൽക്കുമ്പോൾ മികച്ച ഒരു മത്സരമാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. ഒപ്പം അടുത്ത സീസണിലേക്കുള്ള ടീമുകളുടെ ഒരുക്കത്തിന്റെ വിലയിരുത്തൽ കൂടിയാവും മത്സരം.