മാഞ്ചസ്റ്റർ യുണൈറ്റഡ് 2011ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇറങ്ങുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിൽ കാരിക്കിനൊപ്പം ഇറങ്ങിയത് ഗിഗ്സും പാർക്കും ആയിരുന്നു. സർ അലക്സ് ഫെർഗൂസന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ അവസാന കാലം മുതൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു നല്ല മിഡ്ഫീൽഡ് ഇല്ല. ഓവൻ ഹാർഗ്രീവ്സിന്റെ പരിക്ക് മുതൽ തുടങ്ങിയതാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിലെ പ്രശ്നങ്ങൾ.
അന്ന് സ്കോൾസും ഫ്ലച്ചറും കാരിക്കും കൂടെ മധ്യനിരയെ മുന്നോട്ട് കൊണ്ടു പോയി. എന്നാൽ ഫ്ലെച്ചറിന്റെ പരിക്കുകളും സ്കോൾസിന് പ്രായമായതും പലപ്പോഴും കാരിക്കിനെ മധ്യനിരയിൽ ഒറ്റയ്ക്ക് ആക്കി. സ്കോൾസും ഫ്ലെച്ചറും പോയപ്പോൾ റൂണി വരെ മധ്യനിരയിൽ ഇറങ്ങി കളിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ആയി മാറിയിരുന്നു ക്ലബ്. ഷ്നൈഡർലിൻ, ബാസ്റ്റിയൻ ഷ്വൈൻസ്റ്റൈഗർ, ഫെല്ലൈനി തുടങ്ങി പലരും വന്നു എങ്കിലും ആർക്കും മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു നല്ല മിഡ്ഫീൽഡ് നൽകാൻ ആയില്ല.
കാരിക്ക് വിരമിച്ചതോടെ പോഗ്ബ, മാറ്റിച് എന്നിവരുടെ കയ്യിലായി യുണൈറ്റഡ് മിഡ്ഫീൽഡ്. പക്ഷെ ആ കൂട്ടുകെട്ട് വിജയിച്ചില്ല. ഫ്രെഡിന്റെ ആദ്യ സീസണും പിഴച്ചതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മധ്യനിരയിലെ പ്രശ്നങ്ങൾ തുടർന്നു. എന്നാൽ ഒലെ ഗണ്ണാർ സോൾഷ്യർ ആ മധ്യനിരയെ ആകെ മാറ്റി മറിച്ചിരിക്കുകയാണ് ഇപ്പോൾ.
പോഗ്ബ പരിക്കായി പുറത്ത് പോയപ്പോൾ ആണ് യുണൈറ്റഡ് മധ്യനിര ശരിക്കും ശക്തിയാർജിച്ചത്. പോഗ്ബ പോയതോടെ മക്ടോമിനെയ്ക്കും ഫ്രെഡിനുമായി മധ്യനിരയുടെ ചാർജ്. ഇരുവരും ഈ സീസണിൽ അവരുടെ ഏറ്റവും മികവിലേക്ക് ഉയർന്നു. ഒപ്പം ബ്രൂണോ കൂടെ വന്നതോടെ യുണൈറ്റഡ് മധ്യനിര എതിരാളികളെ ഭരിക്കാൻ തുടങ്ങി. മാറ്റിചിന്റെ പരിചയ സമ്പത്തും യുണൈറ്റഡിന് ഗുണം ചെയ്ത് തുടങ്ങി.
ഇനി പോഗ്ബ കൂടെ വരുമ്പോൾ അത് ലോകത്തെ തന്നെ മികച്ച മധ്യനിരകളിൽ ഒന്നായി മാറും എന്ന് സംശയം വേണ്ട. ഗാർനറിനെ പോലെ മധ്യനിരയിൽ വലിയ താരങ്ങളായി മാറാൻ പോകുന്ന യുവതാരങ്ങൾ യുണൈറ്റഡ് അക്കാദമിയിൽ കാത്തു നിൽക്കുന്നുമുണ്ട്.