മാഞ്ചസ്റ്റർ യുണൈറ്റഡിന് തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൾ രഹിത സമനില. ഇന്ന് ക്രിസ്റ്റൽ പാലസിനോട് മാഞ്ചസ്റ്റർ യുണൈറ്റഡ് നിരാശ നിറഞ്ഞ സമനില നേടിയത്. പേരുകേട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കിംഗ് നിരക്ക് പാലസ് ഗോൾകീപ്പറെ കാര്യമായി പരീക്ഷിക്കാൻ പോലും ഇന്നായില്ല.
അവസാന രണ്ടു മത്സരങ്ങളിൽ ഗോളടിക്കാൻ സാധിക്കാതിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നും ഗോൾ അവസരങ്ങൾ സൃഷ്ടിക്കാൻ കഷ്ടപ്പെടുന്നതാണ് ഇന്ന് പാലസിന്റെ ഗ്രൗണ്ടിലും കണ്ടത്. ആദ്യ പകുതിയിൽ കാര്യമായ അവസരങ്ങൾ ഒന്നും സൃഷ്ടിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായില്ല. ആകെ ടാർഗറ്റിലേക്ക് തൊടുത്ത ഒരു അവസരം മാത്രം. അത് മാറ്റിചിന്റെ ഒരു ഡിഫ്ലക്റ്റഡ് ഷോട്ടായിരുന്നു. അത് സമർത്ഥമായി പലസ് ഗോൾ കീപ്പർ തട്ടിയകറ്റി. കവാനിക്കും റാഷ്ഫോർഡിനും അർധാവസരങ്ങൾ ലഭിച്ചു എങ്കിലും കാര്യമുണ്ടായില്ല.
രണ്ടാം പകുതിയിലും കാര്യങ്ങൾ മെച്ചപ്പെട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് നല്ല പാസുകൾ പോലും നൽകാൻ ആകാതെ കഷ്ടപ്പെടുന്നതാണ് രണ്ടാം പകുതിയിൽ കണ്ടത്. മാറ്റങ്ങൾ നടത്താൻ ഒലെ മടിച്ചതും യുണൈറ്റഡിനെ പിറകോട്ട് വലിച്ചു. കവാനിയെ പിൻവലിച്ച് ജെയിംസിനെ ഇറക്കി എങ്കിലും കാര്യമായ മാറ്റങ്ങൾ ഒന്നും കളിയിൽ ഉണ്ടാക്കിയില്ല. അവസാന നിമിഷം ഒരു ഗംഭീര സേവ് നടത്തി ഹെൻഡേഴ്സൺ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയത്തിൽ നിന്ന് രക്ഷിച്ചത്.
ഈ സമനില മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കിരീട പോരാട്ടം അവസാനിപ്പിക്കും ഒന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് ഇപ്പോൾ 14 പോയിന്റിന്റെ ലീഡ് ഉണ്ട്. സിറ്റിയെ ഇനി ആരെങ്കിലും മറികടക്കണം എങ്കിൽ ലീഗിൽ അത്ഭുതങ്ങൾ നടക്കേണ്ടി വരും. 27 മത്സരങ്ങളിൽ 51 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ രണ്ടാമത് നിൽക്കുകയാണ്.