ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ സീസണിൽ എന്ന പോലെ ഈ സീസണിലും സ്വന്തം മൈതാനത്ത് മാഞ്ചസ്റ്റർ സിറ്റിയെ തിരിച്ചു വന്നു തോൽപ്പിച്ചു ബ്രൈറ്റൺ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് സിറ്റിയെ അവർ തോൽപ്പിച്ചത്. സിറ്റിയുടെ തുടർച്ചയായ രണ്ടാം പരാജയം ആണ് ഇത്. മികച്ച രീതിയിൽ തുടങ്ങിയ സിറ്റി 34 മത്തെ മിനിറ്റിൽ മത്സരത്തിൽ മുന്നിലെത്തി. മർമോഷിന്റെ പാസിൽ നിന്നു ഹാളണ്ട് ആണ് അവരുടെ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ 60 മത്തെ മിനിറ്റിൽ നാലു മാറ്റങ്ങൾ വരുത്തിയ ബ്രൈറ്റൺ പരിശീലകൻ ഹർസലർ കളി മാറ്റി.
തുടർന്ന് സിറ്റിയെ ആക്രമണം കൊണ്ടു ഞെട്ടിച്ച ബ്രൈറ്റൺ 67 മത്തെ മിനിറ്റിൽ സമനില ഗോൾ നേടി. നൂനസിന്റെ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി പകരക്കാരനായി ഇറങ്ങിയ മുൻ സിറ്റി താരം കൂടിയായ ജെയിംസ് മിൽനർ ഗോളാക്കി മാറ്റി. ഗോൾ തന്റെ മുൻ സഹതാരം ഡീഗോ ജോട്ടക്ക് സമർപ്പിച്ച മിൽനർ ജോട്ടയുടെ ഗോൾ സലബ്രേഷനും നടത്തി. ഈ ഗോളോട് കൂടി പ്രീമിയർ ലീഗിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരാമായും മിൽനർ മാറി. തുടർന്ന് മത്സരം പൂർണമായും കയ്യിലാക്കിയ ബ്രൈറ്റൺ വിജയഗോളിനായി ആക്രമണം നടത്തി. ഇടക്ക് ട്രാഫോർഡിന്റെ ഉഗ്രൻ സേവ് ആണ് സിറ്റിയെ രക്ഷിച്ചത്. എന്നാൽ 89 മത്തെ മിനിറ്റിൽ മികച്ച കൗണ്ടർ അറ്റാക്കിൽ നിന്നു മിറ്റോമയുടെ പാസിൽ നിന്നു ഗോൾ നേടിയ മറ്റൊരു പകരക്കാരൻ ഗ്രൂഡ ബ്രൈറ്റണിനു അർഹിച്ച ജയം സമ്മാനിക്കുക ആയിരുന്നു. സീസണിൽ ലീഗിലെ അവരുടെ ആദ്യ ജയം ആണ് ഇത്.