ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അവസാനം മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ കരുത്തിനൊത്ത പ്രകടനം കാഴ്ചവെച്ചു. ഇന്ന് ഓൾഡ്ട്രാഫോർഡിൽ ഫുൾഹാമിനെതിരെ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തകർപ്പൻ പ്രകടനം കണ്ടത്. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത്. ലീഗിൽ വിജയമില്ലാത്ത നാലു മത്സരങ്ങൾക്ക് ശേഷമാണ് യുണൈറ്റഡ് ഇങ്ങനെയൊരു ജയം സ്വന്തമാക്കിയത്.
പോഗ്ബയെ ബെഞ്ചിൽ ഇരുത്തി ഇറങ്ങിയ യുണൈറ്റഡ് ഇന്ന് തുടക്കം മുതൽ ഗംഭീര പ്രസിങ് ഫുട്ബോൾ ആണ് കാഴ്ചവെച്ചത്. 13ആം മിനുട്ടിൽ തന്നെ യുണൈറ്റഡ് മുന്നിൽ എത്തി. യുണൈറ്റഡിനായി ഒരു കിടിലൻ ഫിനിഷുനായി ആഷ്ലി യങ് ആണ് തുടക്കത്തിൽ എത്തിയത്. ആദ്യ പകുതിയിൽ തന്നെ മാറ്റയും ലുകാകുവും കൂടെ ഗോൾ നേടിയതോടെ കളി 3-0ന് യുണൈറ്റഡ് മുന്നിലായി.
ഇന്നത്തെ ഗോളോടെ മാറ്റ പ്രീമിയർ ലീഗിൽ 50 ഗോളുകൾ എന്ന നേട്ടത്തിലും എത്തി. കളിയുടെ രണ്ടാം പകുതിയിൽ ഒരു പെനാൾട്ടിയിലൂടെ ഫുൾഹാം ഒരു ഗോൾ തിരിച്ചടിച്ചു. പക്ഷെ 68ആം മിനുട്ടിൽ ആൻഡ്രെഫ്രാങ്കിന് ചുവപ്പ് കാർഡ് കിട്ടിയതോടെ ഫുൾഹാമിന്റെ സ്ഥൊതി വീണ്ടും പരിതാപകരമായി. 82ആം മിനുട്ടിൽ റാഷ്ഫോർഡ് യുണൈറ്റഡിന്റെ നാലാം ഗോൾ നേടിയതോടെ കളിയുടെ ഫലം തീരുമാനം ആവുകയും ചെയ്തു. ഇന്നത്തെ ജയത്തോടെ യുണൈറ്റഡ് ലീഗിൽ 26 പോയന്റുമായി ആറാം സ്ഥാനത്തെത്തി. ഇതാദ്യമായാണ് ഈ സീസണിൽ യുണൈറ്റഡ് ആറാം സ്ഥാനത്ത് എത്തുന്നത്.