പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നിരാശ. ഇന്ന് നടന്ന മത്സരത്തിൽ ബ്രൈറ്റണാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചത്. മൗറീനോയുടെ കീഴിൽ ഇത് മൂന്നാം തവണ മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്ന് ഗോളുകൾ വഴങ്ങുന്നത്.
തുടക്കം മുതൽ ഒടുക്കം വരെ പരിതാപകരമായിരുന്നു യുണൈറ്റഡിന്റെ ഫുട്ബോൾ. 25ആം മിനുട്ടിൽ മുറേയാണ് ആദ്യം ബ്രൈറ്റണ് ലീഡ് കൊടുത്തത്. ഇടതു വിങ്ങിലെ നിന്ന് വന്ന് ക്രോസ് മികച്ച ടച്ചിലൂടെ മുറേ വലയിൽ എത്തിച്ചു. ആ ഗോളിന്റെ ഷോക്ക് മാറുന്നതിന് മുമ്പ് യുണൈറ്റഡ് രണ്ടാം ഗോളും വഴങ്ങി. 27ആം മിനുട്ടിൽ ഒരു കോർണറിൽ നിന്നായിരുന്നു ബ്രൈറ്റൺ ഗോൾ. സെന്റർ ബാക്ക് ഡഫിയാണ് രണ്ടാം ഗോൾ നേടിയത്.
34ആം മിനുട്ടിൽ ലുകാകുവിലൂടെ ഒരു ഗോൾ യുണൈറ്റഡ് മടക്കിയപ്പോൾ അതൊരു തിരിച്ച് വരവിന് കാരണമാകും എന്ന് കരുതിയെങ്കിൽ അതല്ലാതെ വേറൊരു ആക്രമണവും ബ്രൈറ്റൺ ബോക്സിൽ നടത്താൻ യുണൈറ്റഡിനായില്ല. 44ആം മിനുട്ടിൽ ഒരു പെനാൾട്ടി വഴങ്ങി എറിക് ബയി യുണൈറ്റഡിനെ വീണ്ടും ബഹുദൂരം പിന്നിലാക്കി.
ഗ്രോസ് പിഴവില്ലാതെ ആ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു. രണ്ടാം പകുതിയിൽ ഉടനീളം പന്ത് കയ്യിൽ വെച്ചിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ആകെ പോഗ്ബ തൊടുത്ത ഒരു ലോംഗ് റേഞ്ചർ മാത്രമായിരുന്നു 90 മിനുട്ട് വരെ ടാർഗറ്റിലേക്കുള്ള യുണൈറ്റഡിന്റെ ഒരേയൊരു ശ്രമം. അവസാന നിമിഷം ഒരു പെനാൾട്ടിയുലൂടെ പോഗ്ബ യുണൈറ്റഡിന്റെ തോൽവിയുടെ ഭാരം കുറച്ചു എങ്കിലും അത് സ്കോർ ബോർഡിക് മാത്രമെ കുറഞ്ഞുള്ളൂ.
പോഗ്ബ, ഫ്രെഡ്, ബായി, മാർഷ്യൽ തുടങ്ങിയവർ ഒക്കെ ഇന്ന് യുണൈറ്റഡ് നിരയിൽ നിരാശപ്പെടുത്തി. കഴിഞ്ഞ സീസണിലും ബ്രൈറ്റൺ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയിരുന്നു.