പ്രീമിയർ ലീഗിൽ എല്ലാവരും ലിവർപൂളിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും സാധ്യതകൾ കല്പിച്ചു കൊണ്ടിരിക്കുക ആയിരുന്നു രണ്ടാഴ്ച മുമ്പ് വരെ. പക്ഷെ ശ്രദ്ധ ആ ഗ്ലാമർ ക്ലബുകളിൽ ആയിരിക്കെ പതിയെ അധികം ബഹളം ഇല്ലാതെ മാഞ്ചസ്റ്റർ സിറ്റിയും പെപും ടേബിളിന് മുകളിലേക്ക് കയറുകയാണ്. സീസൺ തുടക്കം മുതൽ ഒരു സ്‌ട്രൈക്കർ പോലുമില്ലാതെ കഷ്ടപ്പെടുകയായിരുന്ന സിറ്റി പക്ഷെ ആ കുറവ് പല വിധത്തിലും മറികടന്ന് മുകളിലേക്ക് കയറിവരികയാണ്.
സീസണിലെ രണ്ടാം മത്സരത്തിൽ ലെസിസ്റ്ററിനോടുള്ള കനത്ത പരാജയവും ലീഡ്സിനോടുള്ള സമനില ഒക്കെയായി പതിഞ്ഞ താളത്തിൽ തുടങ്ങിയ സിറ്റി, താളം വീണ്ടെടുത്തുവെന്ന് തോന്നിപ്പിച്ചപ്പോഴായിരിന്നു ജോസെ മൊറീനോയുടെ സ്പർസിനോട് തോൽവി വഴങ്ങിയത്. ആ വീഴ്ചയിൽ നിന്ന് കരകയറിയ സിറ്റിയിൽ നിന്ന് പിന്നീട് പ്രീമിയർ ലീഗ് കണ്ടത് പക്വതയാർന്ന പതറാത്ത ഫുട്ബോൾ ആണ്.
പരിക്കേറ്റ മുന്നേറ്റനിരയോ ഏതാണ്ട് പകുതി താരങ്ങൾക്ക് പിടിപെട്ട കൊറോണയോ സിറ്റിയെ ഒരു തരിപോലും തളർത്തിയില്ല. അവസരത്തിനൊത്തുയർന്ന ഫെറാൻ ടോറസും ഫോഡനുമടക്കമുള്ള യുവതാരങ്ങളും, മുപ്പത്തിയഞ്ചാം വയസ്സിലും ടീമിന്റെ നെടുംതൂണായി മാറുന്ന ഫെർണാണ്ടിനോയും റൂബൻ ഡയസിനൊപ്പം ഭേദിക്കാനാവാത്ത പ്രതിരോധകോട്ട തീർക്കുന്ന ജോൺ സ്റ്റോൺസും തുടങ്ങി സിറ്റി പെപ് ഗാർഡിയോളക്ക് കീഴിലെ അവരുടെ പ്രതാപത്തിലേക്ക് തന്നെ തിരിച്ചുവരിക ആണ്.
ഈ സീസണിൽ ഇതുവരെ സിറ്റി ആകെ തോൽവിയറിഞ്ഞത് രണ്ട് തവണയാണ്. അവസാന പത്ത് മത്സരങ്ങളിൽ ഒമ്പതിലും ആധികാരിക ജയം. 18 കളികളിൽ നിന്ന് 38 പോയന്റുകളുമായി ഇപ്പോൾ ലീഗിൽ രണ്ടാമത്. ഒന്നാമതുള്ള യുണൈറ്റഡിനു രണ്ടു പോയിന്റ് മാത്രം പിന്നിൽ. കയ്യിൽ ഒരു കളി ബാക്കിയിരിക്കെ ശരിയായ ഒന്നാം സ്ഥാനം സിറ്റിയുടെ കയ്യിലേക്ക് വരാൻ താമസമുണ്ടായേക്കില്ല.
എല്ലാ മത്സരത്തിലും സമ്പൂർണ്ണ ആധിപത്യം ലക്ഷ്യമാക്കി കളിമെനയുന്ന പെപിൻറെ തുറുപ്പ്ചീട്ട് സിറ്റി മധ്യനിരയുടെ കരുത്തും ആഴവും തന്നെയാണ്. എതിർ ആക്രമണങ്ങളുടെ മുനയൊടിക്കുന്ന ഡിഫൻസീവ് മിഡ് റോഡ്രിയും ഫെർണാണ്ടിനോയും കളത്തിലെവിടെയും പന്തെത്തിച്ച് കൊടുക്കാൻ കഴിവുള്ള ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്രിയേറ്റീവ് മിഡ്‌ഫീൽഡർ കെവിൻ ഡി ബ്രിയുനും കൃത്യതയാർന്ന ഫിനിഷും വേഗവും കൈമുതലായുള്ള ഗുണ്ടോഗണും ഗ്രൗണ്ടിൽ ഒഴുകി നീങ്ങുന്ന ബെർണാഡോ സിൽവ, ചെറുപ്രായത്തിൽ തന്നെ കേളീമികവുകൊണ്ട് വിസ്മയിപ്പിക്കുന്ന ഫിൽ ഫോഡൻ എന്നിവരും കളം നിറയുമ്പോൾ എതിരാളികൾ പലപ്പോഴും നിസ്സഹായരായി മാറുന്നു.
റൂബൻ ഡയസിന്റെ വരവ് അവസാന വർഷങ്ങളിൽ സിറ്റിയുടെ ഡിഫൻസിൽ ഉണ്ടായിരുന്ന അസ്ഥിരത കൂടെ ഇല്ലാതാക്കി. അവസാനം കളിച്ച അഞ്ചു മത്സരങ്ങളിലും ക്ലീൻഷീറ്റോടെ ആയിരുന്നു സിറ്റിയുടെ വിജയം. ലീഗിൽ പകുതി മത്സരങ്ങളും കഴിയുമ്പോൾ സിറ്റി ആകെ വഴങ്ങിയത് വെറും 13 ഗോളുകളാണ്
താളം വീണ്ടെടുത്ത ഈ സിറ്റിയെ തോൽപ്പിക്കാൻ പ്രീമിയർ ലീഗ് ടീമുകൾ ഇനിയൊന്ന് വിയർക്കും എന്ന് തന്നെ പറയാം. കിരീടങ്ങൾ തിരികെ നേടാനായി വീണ്ടും ഗാർഡിയോളയിൽ വിശ്വാസമർപ്പിച്ച് കരാർ നീട്ടിയ മാഞ്ചസ്റ്റർ സിറ്റി മാനേജ്മെന്റിന് തെറ്റിയില്ലന്ന് ആണ് സിറ്റിയുടെ ഈ പുതിയ മുഖം തെളിയിക്കുന്നത്