യൂറോപ്പ ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നാം സ്ഥാനം ആഗ്രഹിച്ച് ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് നിരാശ. ഇന്ന് സോഡിഡാനിനെതിരെ യുണൈറ്റഡ് 1-0ന് ജയിച്ചു എങ്കിലും ഒന്നാം സ്ഥാനം ഗോൾ ഡിഫറൻസിൽ യുണൈറ്റഡിന് നഷ്ടമായി.
ഇന്ന് സ്പെയിനിൽ എത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് ചുരുങ്ങിയത് രണ്ട് ഗോൾ മാർജിനിൽ എങ്കിലും റയൽ സോസിഡാഡിനെ തോൽപ്പിക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആ ലക്ഷ്യത്തോടെയാണ് യുണൈറ്റഡ് സോസിഡാഡിനെ നേരിട്ടത്. തുടക്കത്തിൽ അവസരങ്ങൾ സൃഷ്ടിക്കാൻ യുണൈറ്റഡ് പ്രയാസപ്പെട്ടു എങ്കിലും മത്സരത്തിന്റെ 17ആം മിനുട്ടിൽ യുണൈറ്റഡ് ലീഡ് എടുത്തു.
18കാരനായ ഗർനാചോ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഡ് നൽകിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പാസ് സ്വീകരിച്ച് ഇടതു വിങ്ങിലൂടെ കുതിച്ച യുവതാരം മനീഹരമായ ഫിനിഷിലൂടെ ആണ് യുണൈറ്റഡിനെ മുന്നിൽ എത്തിച്ചത്. താരത്തിന്റെ യുണൈറ്റഡ് സീനിയർ കരിയറിലെ ആദ്യ ഗോളായിരുന്നു ഇത്.
ഇതിനു ശേഷം ഇരുടീമുകളും അറ്റാക്ക് ചെയ്തു തന്നെ കളിച്ചെങ്കിലും ഗോൾ അകന്നു നിന്നു. ഡി ഹിയയുടെ മികച്ച ഡബിൾ സേവും കളിയിൽ കാണാൻ ആയി. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടാം ഗോളിനായുള്ള ശ്രമങ്ങൾ ഫലം കാണാതെ ആയതോടെ അവർ ഹാരി മഗ്വയറെ റൊണാൾഡോക്ക് ഒപ്പം സ്ട്രൈക്കറായി കളിക്കുന്നതും കാണാൻ ആയി. ആ വ്യത്യസ്തമായ ടെൻ ഹാഗ് ടാക്ടിക്സും ഫലം കണ്ടില്ല.
മാഞ്ചസ്റ്റർ യുണൈറ്റഡും റയൽ സോസിഡാഡും 15 പോയിന്റുമായി ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചു. മെച്ചപ്പെട്ട ഗോൾ ഡിഫറൻസ് സോസിഡാഡിനെ ഒന്നാം സ്ഥാനത്ത് നിർത്തി. യുണൈറ്റഡിന് ഇനി നോക്കൗട്ട് റൗണ്ട് ഫിക്സ്ചർ പ്രയാസകരമാകും.