ലോകകപ്പിൽ ബെൽജിയത്തിന്റെ ഒപ്പം ഇന്ന് സെമിക്ക് ഇറങ്ങുന്ന ലുകാകുവിന് കഴിഞ്ഞ വർഷം ഈ ദിവസം ഒരു പുതിയ തുടക്കമായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന വലിയ ക്ലബിൽ അന്നാണ് ലുകാകു സൈൻ ചെയ്തത്. റെക്കോർഡ് തുകയ്ക്ക് എത്തിയ ലുകാകുവിന്റെ വരവ് ആദ്യം ആർക്കും അത്ര ദഹിച്ചില്ല എങ്കിലും വിമർശകരെ ഒക്കെ വായടപ്പിക്കാൻ ലുകാകുവിന് തന്റെ പ്രകടനം കൊണ്ടായി.
കഴിഞ്ഞ സീസണിൽ ക്രിയേറ്റിവിറ്റി വറ്റി വരണ്ട ഹോസെ മൗറീനോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ നിരയിൽ നിന്ന് 27 ഗോളുകളാണ് ലുകാകു അടിച്ചത്. ലുകാകുവിന്റെ കരിയറിലെ ഏറ്റവും മികച്ച സീസണായി അത് മാറി. മോശം ഫസ്റ്റ് ടച്ചിനും പന്ത് ഹോൾഡ് ചെയ്ത് കളിക്കില്ല എന്ന വിമർശനത്തിനുമൊക്കെ പരിഹാരം ലുകാകു കഴിഞ്ഞ സീസണിൽ കണ്ടെത്തി. തികച്ചും ഒരു ടീം പ്ലയറായി മാറിയ ലുകാകു സീസൺ അവസാനം ആയപ്പോഴേക്കും മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ പ്രിയ താരമായി തന്നെ മാറിയിരുന്നു.
27 ഗോളുകൾക്ക് ഒപ്പം 7 അസിസ്റ്റും ലുകാകു തന്റെ ആദ്യ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം സ്വന്തമാക്കി. 27 ഗോളുകളിൽ 16 എണ്ണം പിറന്നത് പ്രീമിയർ ലീഗിലായിരുന്നു. ലോകകപ്പിലും തന്റെ മികച്ച ഫോം തുടരുന്ന ലുകാകു ഇതേ ഫോം വരുന്ന സീസണിലും പുറത്തെടുക്കും എന്ന് വിശ്വാസത്തിലാണ് യുണൈറ്റഡ് ആരാധകർ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial