സീരി എയിൽ ഇന്റർ മിലാൻ വീണ്ടും ഒന്നാമത് എത്തി. ഇന്നലെ സീരി എയിൽ നടന്ന വമ്പൻ മത്സരത്തിൽ നാപോളിയെ ആണ് ഇന്റർ മിലാൻ തോൽപ്പിച്ചത്. അതും നാപോളിയുടെ ഹോമിൽ വെച്ച്. ഹോം ഗ്രൗണ്ടിൽ അവസാനമായി ഒക്ടോബറിൽ ആണ് നാപോളി ഒരു മത്സരം വിജയിച്ചത്. ഏകപക്ഷീയമായ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു കോണ്ടെയുടെ ടീമിന്റെ വിജയം. ബെൽജിയൻ സ്ട്രൈക്കർ ലുകാകുവിന്റെ ഗംഭീര പ്രകടനമാണ് ഇത്ര വലിയ വിജയം നൽകിയത്.
രണ്ട് ഗോളുകളാണ് ലുകാകു ഇന്നലെ നേടിയത്. 14ആം മിനുട്ടിലും 33ആം മിനുട്ടിലുമായിരുന്നു ലുകാകുവിന്റെ ഗോളുകൾ. ഈ ഗോളുകളോടെ ലുകാകുവിന്റെ ലീഗിലെ ഗോൾ നേട്ടം 14ൽ എത്തി. ലുകാകുവിനെ കൂടാതെ അർജന്റീനൻ സ്ട്രൈക്കർ ലൊറാട്ടോ മാർട്ടീനെസും ഗോൾ നേടി. മിലികിന്റെ വകയായിരുന്നു നാപോളിയുടെ ആശ്വാസ ഗോൾ. ഗുട്ടുസോയ്ക്ക് ഈ പരാജയം നാപോളി ആരാധകരിൽ നിന്ന് വലിയ വിമർശനങ്ങൾ നേടികൊടുക്കും.
ഈ വിജയത്തോടെ ഇന്റർ മിലാൻ 45 പോയന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 45 പോയിന്റ് തന്നെയാണ് യുവന്റസിനും ഉള്ളത് എങ്കിലും മെച്ചപ്പെട്ട ഗോൾവ്യത്യാസം ഇന്ററിനെ മുന്നിൽ നിർത്തുകയാണ്.