പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന ലണ്ടൻ ഡെർബിയിൽ കരുത്തരായ ആഴ്‌സണലും ചെൽസിയും ഏറ്റുമുട്ടും. ആദ്യ മത്സരത്തിൽ പ്രീമിയർ ലീഗിലേക്ക് ആദ്യമായി എത്തിയ ബ്രെന്റ്ഫോർഡിനോട് പരാജയപെട്ടാണ് ആഴ്‌സണൽ ചെൽസിയെ നേരിടാൻ ഇറങ്ങുന്നത്. അതെ സമയം ചെൽസിയാവട്ടെ മറ്റൊരു ലണ്ടൻ ഡെർബിയിൽ ക്രിസ്റ്റൽ പാലസിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ആഴ്‌സണലിനെ നേരിടാൻ ഇറങ്ങുന്നത്.
താരങ്ങളുടെ പരിക്കും കോവിഡ് പിടിപെട്ടതും സീസണിന്റെ തുടക്കത്തിൽ തന്നെ ആഴ്‌സണലിന് തിരിച്ചടിയായിരുന്നു. എന്നാൽ കോവിഡ് നെഗറ്റീവ് ആയ ഒബാമയാങ് ടീമിൽ തിരിച്ചെത്തിയേക്കും. ഒബാമയങ്ങിനെ കൂടാതെ വില്യൻ ടീമിൽ തിരികെ എത്തുമെങ്കിലും ലാകസറ്റെ, എഡി എൻകാറ്റിയ, തോമസ് പാർട്ടി, ഗോൾ കീപ്പർ റുണാർസൺ, പ്രതിരോധ താരം ഗബ്രിയേൽ എന്നിവരും ഇന്നത്തെ മത്സരത്തിന് ഉണ്ടാവില്ല. കഴിഞ്ഞ ദിവസം റയൽ മാഡ്രിഡിൽ നിന്ന് ടീമിൽ എത്തിയ മാർട്ടിൻ ഒഡേഗാർഡ് വിസ നപടികൾ പൂർത്തിയാവാത്തതിനെ തുടർന്ന് ചെൽസിക്കെതിരെ ഇറങ്ങില്ലെന്ന് ഉറപ്പാണ്.
അതെ സമയം ചെൽസി നിരയിൽ കോവിഡ് പോസിറ്റിവായ ക്രിസ്ത്യൻ പുലിസിച്ച്, റൂബൻ ലോഫ്റ്റസ് ചീക് എന്നിവർ ഇന്ന് ടീമിനൊപ്പം ഉണ്ടാവില്ല. ഇന്റർമിലാനിൽ നിന്ന് ചെൽസിയിൽ എത്തിയ റൊമേലു ലുകാകു ക്ലബിന് വേണ്ടി രണ്ടാമത്തെ തവണ അരങ്ങേറ്റം നടത്തുമെന്നാണ് കരുതപ്പെടുന്നത്. അതെ സമയം പരിക്ക് മൂലം കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന എൻഗോളോ കാന്റെ ടീമിൽ തിരിച്ചെത്തുന്നത് ചെൽസിക്ക് ആശ്വാസം നൽകും. കൂടാതെ സൂപ്പർ കപ്പ് ഫൈനലിന്റെ പരിക്കേറ്റ ഹക്കിം സിയെച്ചും ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ സമയം രാത്രി 9 മണിക്കാണ് ആഴ്‌സണൽ – ചെൽസി പോരാട്ടം.