അതുഗ്രൻ ഫ്രീകിക്ക് ഗോളിൽ ആഴ്‌സണലിനെ വീഴ്ത്തി ലിവർപൂൾ

Wasim Akram

Picsart 25 08 31 23 08 53 160

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരും രണ്ടാം സ്ഥാനക്കാരും തമ്മിലുള്ള പോരാട്ടത്തിൽ ആൻഫീൽഡിൽ ജയിച്ചു കയറി ലിവർപൂൾ. എതിരില്ലാത്ത ഒരു ഗോളിന് ആണ് ലിവർപൂൾ ജയിച്ചത്. പരിക്കേറ്റ ബുകയോ സാക ഇല്ലാതെ ഇറങ്ങിയ ആഴ്‌സണൽ ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡിനെ ബെഞ്ചിൽ ഇരുത്തിയാണ് കളിക്കാൻ ഇറങ്ങിയത്. ആദ്യ പകുതിയിൽ ബലാബലം കണ്ട മത്സരത്തിൽ അഞ്ചാം മിനിറ്റിൽ തന്നെ വില്യം സലിബ പരിക്കേറ്റു പുറത്ത് പോയത് ആഴ്‌സണലിന് കനത്ത തിരിച്ചടിയായി. എന്നാൽ ആദ്യ പകുതിയിൽ 5 കോർണറുകൾ നേടിയ ആഴ്‌സണലിന് അതൊന്നും മുതലാക്കാൻ ആയില്ല. മധുയെകയുടെ ശ്രമം ആലിസൺ രക്ഷിച്ചത് ആയിരുന്നു ഈ പകുതിയിലെ പ്രധാന നിമിഷം.

ലിവർപൂൾ

രണ്ടാം പകുതിയിൽ കൂടുതൽ നന്നായി കളിക്കുന്ന ലിവർപൂളിനെ ആണ് കാണാൻ ആയത്. എന്നാൽ വലിയ അവസരങ്ങൾ ഇരു ടീമുകളും ഉണ്ടാക്കിയില്ല. 83 മത്തെ മിനിറ്റിൽ 32 വാര അകലെ നിന്നു ഡൊമനിക് സബോസലായ് നേടിയ ബുള്ളറ്റ് ഫ്രീകിക്ക് ആണ് ലിവർപൂളിന് ജയം സമ്മാനിച്ചത്. ഡേവിഡ് റയക്ക് ഒരവസരവും ഈ ഫ്രീകിക്ക് നൽകിയില്ല. സീസണിൽ ആഴ്‌സണൽ വഴങ്ങുന്ന ആദ്യ ഗോൾ ആണ് ഇത്. തുടർന്ന് എസെ അടക്കം ഇറങ്ങി ആഴ്‌സണൽ സമനില ഗോളിന് ശ്രമിച്ചെങ്കിലും ലിവർപൂൾ പ്രതിരോധം കുലുങ്ങിയില്ല. സമീപകാലത്ത് ടോപ്പ് 6 ടീമിനോട് ആഴ്‌സണൽ വഴങ്ങുന്ന ആദ്യ പരാജയം ആണ് ഇത്. ജയത്തോടെ ലിവർപൂൾ ലീഗിൽ ഒന്നാമത് എത്തി.