സാൽസ്ബർഗിന്റെ തിരിച്ചുവരവിനെയും മറികടന്ന് ലിവർപൂൾ വിജയം

Newsroom

ആൻഫീൽഡിൽ ചാമ്പ്യൻസ് ലീഗ് മത്സരം തിരികെയെത്തിയ രാത്രി ആഘോഷമായി തന്നെ മാറി. ഇന്ന് ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രിയൻ ക്ലബായ സാൽസ്ബർഗിനെ നേരിട്ട ലിവർപൂൾ ഒന്ന് വിറച്ചു എങ്കിലും അവസാനം വിജയം സ്വന്തമാക്കി. ഒരു ഘട്ടത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മുന്നിൽ ആയിരുന്ന ലിവർപൂളിനെതിരെ സാൽസ്ബർഗ് ശക്തമായി തന്നെ തിരിച്ചു വന്നു. സ്കോർ 3-3 എന്നാക്കി എങ്കിലും 4-3ന്റെ വിജയം ലിവർപൂൾ സ്വന്തമാക്കുകയായിരുന്നു.

കളി തുടങ്ങി 9 മിനുട്ടിൽ തന്നെ ലിവർപൂൾ ഇന്ന് മുന്നിൽ എത്തിയിരുന്നു. മാനെയാണ് ലിവർപൂളിന് ആദ്യ ലീഡ് നൽകിയത്. 25ആം മിനുട്ടിൽ റോബേർട്സണിലൂടെ ലിവർപൂൾ രണ്ടാം ഗോളും നേടി. താരത്തിന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോളായിരുന്നു ഇത്.ട്രെന്റ് അർനോൾഡാണ് ഗോൾ ഒരുക്കിയത്. പത്ത് മിനുട്ടുകൾക്ക് ശേഷം സലായിലൂടെ ലിവർപൂൾ മൂന്നാം ഗോളും നേടി.

അതിനു ശേഷമായിരുന്നു സാൽസ്ബർഗിന്റെ തിരിച്ചടി. ആദ്യം ഹ്വാൻ ലീയിലൂടെ ആദ്യ പകുതിയിൽ ഒരു ഗോൾ മടക്കിയ ഓസ്ട്രിയൻ ടീം. രണ്ടാം പകുതിയുടെ തുടക്കത്തിൽ രണ്ട് ഗോളുകൾ കൂടെ സ്കോർ ചെയ്തു. മിനാമിനോയും, ഹലാൻഡുമായിരുന്നു സ്കോറേഴ്സ്. എന്നാൽ സമനില നേടി എന്ന് ആശ്വസിക്കും മുമ്പ് സലായിലൂടെ വീണ്ടും ലിവർപൂൾ ലീഡ് എടുക്കുകയും ആ ലീഡ് വിജയമാക്കി മാറ്റുകയും ചെയ്തു. ലിവർപൂളിന്റെ ഗ്രൂപ്പിലെ ആദ്യ വിജയമാണിത്.