ലിവർപൂളിനെ അവരുടെ പ്രതാപത്തിലേക്ക് തിരികെയെത്തിച്ച ജർമ്മൻ പരിശീലകൻ യർഗൻ ക്ലോപ്പ് ആൻഫീൽഡിൽ തന്നെ തുടരും. അദ്ദേഹം ക്ലബിൽ 2026വരെയുള്ള കരാറ്റ് ഒപ്പുവെച്ചതായാണ് ഇംഗ്ലണ്ടിൽ നിന്നുള്ള റിപ്പോർട്ടുകൾ. നേരത്തെ ഈ കരാർ അവസാനിക്കുന്നതോടെ ക്ലോപ്പ് ക്ലബ് വിട്ടേക്കും എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ക്ലോപ്പിനെ കൈവിടാൻ ലിവർപൂൾ ഒരുക്കമായിരുന്നില്ല. ചർച്ചകൾക്ക് ഒടുവിൽ ക്ലോപ്പ് കരാർ പുതുക്കാൻ തന്നെ തീരുമാനിച്ചു.
ഈ സീസണിൽ ക്വാഡ്രപിൾ എന്ന ചരിത്രം ലക്ഷ്യം വെക്കുന്ന ലിവർപൂൾ ഇപ്പോൾ അദ്ദേഹത്തിന് കരാർ നൽകുന്നത് ക്ലബിന് കൂടുതൽ ഊർജ്ജവും ആത്മവിശ്വാസവും നൽകും. ഈ സീസണിൽ ഇതിനകം തന്നെ ലീഗ് കപ്പ് നേടിയ ലിവർപൂൾ ഇപ്പോൾ എഫ് എ കപ്പ് ഫൈനലിലും എത്തിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് സെമിയിലേക്ക് അടുത്ത് നിൽക്കുന്ന ലിവർപൂൾ പ്രീമിയർ ലീഗിൽ സിറ്റിക്ക് ഒരു പോയിന്റ് മാത്രം പിറകിലും ഉണ്ട്.
ഇത്തവണ ലിവർപൂൾ ലീഗ് കിരീടം നേടുക ആണെങ്കിൽ അവർക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇരുപത് കിരീടം എന്ന റെക്കോർഡിന് ഒപ്പം എത്താം. 2026വരെയുള്ള കരാർ കഴിയുമ്പോഴേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്ന് എല്ലാ തലത്തിലും ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ക്ലബായി മാറുക എന്നതാകും ലിവർപൂളിന്റെ ലക്ഷ്യം.
54കാരനായ ക്ലോപ്പ് 2015ൽ ആണ് ഡോർട്മുണ്ട് വിട്ട് ലിവർപൂളിൽ എത്തിയത്. ഇതുവരെ ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗും അടക്കം 5 കിരീടങ്ങൾ ക്ലോപ്പ് നേടിയിട്ടുണ്ട്.