ബാലൻ ഡി ഓർ, നഷ്ടം ലെവൻഡോസ്കിയുടേതോ!?

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ വർഷം ബാലൻ ഡി ഓർ നടത്തേണ്ടതില്ല എന്ന് ഫ്രാൻസ് ഫുട്ബോൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം കൊറോണ കാരണം ഫുട്ബോൾ സീസണുകൾ എല്ലാവിടെയും താറുമാറായത് കൊണ്ടാണെന്നും ഫ്രാൻസ് ഫുട്ബോൾ വിശദീകരണം നൽകിയിരുന്നു. നേരത്തെ ഫിഫാ ബെസ്റ്റ് അവാർഡുകളും ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു. ഇതൊക്കെ കൊണ്ട് ഏറ്റവും വലിയ നഷ്ടം ഏത് താരത്തിനാണെന്ന് ചോദിച്ചാൽ അത് പോളിഷ് സ്ട്രൈക്കർ ലെവൻഡോസ്കിക്ക് ആണെന്ന് പറയേണ്ടി വരും.

ലെവൻഡോസ്കിക്ക് ഈ സീസൺ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സീസൺ ആയിരുന്നു. കഴിഞ്ഞ ബാലൻ ഡി ഓർ ജേതാവ് മെസ്സിക്ക് ഈ സീസണിൽ ഗോളടിയിൽ സ്ഥിരം മികവ് കാണിക്കാൻ ആയിരുന്നില്ല. ഒപ്പം മെസ്സിക്ക് ഇതുവരെ കിരീടങ്ങൾ ഒന്നും കിട്ടിയില്ല. ചാമ്പ്യൻസ് ലീഗിലും ബാഴ്സലോണയുടെ ഫോം വെച്ച് ഒരു കിരീടം ഈ സീസണിൽ മെസ്സി പോലും പ്രതീക്ഷിക്കുന്നുണ്ടാവില്ല.

പിന്നെ ബാലൻ ഡി ഓർ സാധ്യത ഉള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കായിരുന്നു. സീരി എയിൽ ഗോളടിച്ച് കൂട്ടുന്നുണ്ട് എങ്കിലും റൊണാൾഡോയ്ക്ക് ലെവൻഡോസ്കിയുടെ മികവിനൊപ്പം ഈ സീസണിൽ എത്താൻ കഴിയുക പ്രയാസമാണ്. ഈ സീസണിൽ ഇതുവരെ ലെവൻഡോസ്കി അടിച്ചു കൂട്ടിയത് 51 ഗോളുകളാണ്. തന്റെ കരിയറിലെ ഒരു സീസണിലെ ഏറ്റവും മികച്ച ടാലിയാണിത്. 43 മത്സരങ്ങളിൽ നിന്നാണ് ഈ 51 ഗോളുകൾ പിറന്നത്. ബുണ്ടസ് ലീഗയിലെ ടോപ്പ് സ്കോറർ എന്നതിനൊപ്പം 11 ഗോളുകളുമായി ചാമ്പ്യൻസ് ലീഗിലും ഈ സീസണിൽ ലെവൻഡോസ്കിയാണ് ടോപ്പ് സ്കോറർ.

ഇതിനകം ലെവൻഡോസ്കി ബുണ്ടസ് ലീഗ, ജർമ്മൻ കപ്പ് എന്നിവയും നേടി. ഇനി ചാമ്പ്യൻസ് ലീഗിലും ബയേണിന് വലിയ കിരീട സാധ്യതയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഈ സീസണിൽ ബാലൻ ഡി ഓർ നേടാൻ ഏറ്റവും സാധ്യത ഉണ്ടായിരുന്നതും ലെവൻഡോസ്കിക്ക് ആയിരുന്നു. തന്റെ കരിയറിലെ ഏറ്റവും മികച്ച സീസണിൽ കൊറോണ വന്നത് ലെവൻഡോസ്കിക്ക് തീരാനഷ്ടമായി എന്നും ഓർമ്മയിലിരിക്കും.