റോബർട് ലെവെന്റോവ്സ്കിക്ക് വേണ്ടിയുള്ള പുതിയ ഓഫർ ബയേണിന് സമർപ്പിച്ചു. 35 മില്യൺ യൂറോയുടെ അടിസ്ഥാന ഓഫർ ആണ് സമർപ്പിച്ചത്. പ്രകടനമികവ് അനുസരിച്ചു 40 മില്യൺ വരെ എത്താവുന്ന തരത്തിൽ ആണ് പുതിയ ഓഫർ. എങ്കിലും ബയേൺ ആവശ്യപ്പെടുന്നതിലും കുറവാണ് പുതുതായി സമർപ്പിച്ച ഓഫറും.
ബാഴ്സലോണയിലേക്ക് പോകാനുള്ള താൽപര്യം പല തവണ ലെവെന്റോവ്സ്കി പരസ്യമായി തന്നെ വ്യക്തമാക്കിയതാണെങ്കിലും പ്രതീക്ഷിച്ച തുക കിട്ടാതെ താരത്തെ കൈവിടാൻ ബയേൺ തയ്യാറല്ല. ഒരു വർഷം കൂടി കരാർ ബാക്കിയുള്ള സ്ട്രൈക്കർ ടീമിൽ തുടരട്ടെ എന്നാണ് മാനേജ്മെന്റ് ആഗ്രഹിക്കുന്നത്. നിലവിൽ മയ്യോർക്കയിൽ കുടുംബത്തോടൊപ്പമുള്ള താരവുമായി ബയേൺ ചർച്ചകൾ നടത്തിയിരുന്നു. ലെവെന്റോവ്സ്കി ടീമിൽ തുടരുമെന്നും ജൂലൈ 12ന് ബയേണിന്റെ ആദ്യ പരിശീലന സെഷൻ തുടങ്ങുമ്പോൾ താരം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ബയേൺ ഡയറക്ടർ ഹസൻ സലിഹാമിസിക് വ്യക്തമാക്കി.
പുതിയ ഓഫറിനോട് ബയേണിന്റെ ഔദ്യോഗികമായ പ്രതികരണം അറിയാൻ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ബാഴ്സലോണ. നിലവിൽ സമർപ്പിച്ച തഴഞ്ഞാലും പുതിയ ഓഫർ നൽകാൻ ടീം സന്നദ്ധമായേക്കും.