ലാ ലിഗയിൽ റയൽ മാഡ്രിഡിന്റെ കഷ്ടകാലം തുടരുന്നു. ലാ ലിഗയിൽ ലെവന്റെയാണ് റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്. ലെവന്റെക്കെതിരായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സിദാന്റെ ടീം തോൽവിയേറ്റുവാങ്ങിയത്. മത്സരത്തിന്റെ ഒൻപതാം മിനുറ്റിൽ തന്നെ റയൽ മാഡ്രിഡ് പ്രതിരോധ താരം മിലിറ്റവോ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായാണ് മത്സരത്തിന്റെ ഭൂരിഭാഗവും റയൽ മാഡ്രിഡ് കളിച്ചത്.
10 പേരായി ചുരുങ്ങിയെങ്കിലും മികച്ചൊരു കൗണ്ടർ അറ്റാക്കിങ് ഗോളിലൂടെ റയൽ മാഡ്രിഡ് ആണ് മത്സരത്തിൽ ആദ്യം ഗോൾ നേടിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ ജോസ് ലൂയിസ് മൊറേൽസ് ലെവന്റെക്ക് സമനില നേടിക്കൊടുത്തു. തുടർന്ന് രണ്ടാം പകുതിയിൽ മത്സരത്തിൽ പെനാൽറ്റിയിലൂടെ ലീഡ് നേടാനുള്ള അവസരം ലെവന്റെക്ക് ലഭിച്ചെങ്കിലും പെനാൽറ്റി എടുത്ത റോജർ മാർട്ടിയുടെ ശ്രമം റയൽ മാഡ്രിഡ് ഗോൾ കീപ്പർ തിബോ ക്വർട്ട രക്ഷപ്പെടുത്തുകയായിരുന്നു.
എന്നാൽ മത്സരത്തിന്റെ 78 മിനുട്ടിൽ പെനാൽറ്റി നഷ്ട്ടപെടുത്തിയതിന് പകരമായി റോജർ മാർട്ടി തന്നെ റയൽ മാഡ്രിഡ് ഗോൾ വല കുലുക്കി ലെവന്റെക്ക് ജയം നേടികൊടുക്കുകയായിരുന്നു. തോൽവിയോടെ ലാ ലീഗയിൽ 2 മത്സരങ്ങൾ കുറച്ചുകളിച്ച അത്ലറ്റികോ മാഡ്രിഡിനെക്കാൾ 7 പോയിന്റ് പിറകിലാണ് റയൽ മാഡ്രിഡ്.