ലാലിഗയിൽ ബാഴ്സലോണക്ക് വമ്പൻ പരാജയം. ഇന്ന് എവേ മത്സരത്തിൽ ലെവന്റെയെ നേരിട്ട ബാഴ്സലോണ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ പരാജയമാണ് ഏറ്റുവാങ്ങിയത്. അവസാന കുറേ കാലമായി എവേ ഗ്രൗണ്ടുകളിൽ പതറുന്ന പതിവുള്ള ബാഴ്സലോണ ഇന്ന് വീണ്ടും അത് ആവർത്തിക്കുകയായിരുന്നു. ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് ബാഴ്സലോണ പരാജയപ്പെട്ടത്.
ആദ്യ പകുതിയിൽ ഒരു പെനാൾട്ടി ഗോളിലൂടെ മെസ്സിയാണ് ബാഴ്സലോണയെ മുന്നിൽ എത്തിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ ഏഴു മിനുട്ടുകൾക്കകം പിറന്ന മൂന്നു ഗോളുകളാണ് ബാഴ്സലോണയുടെ കഥ കഴിച്ചത്. 61ആം മിനുട്ടിൽ കാമ്പന, 63ആം മിനുട്ടിൽ മയൊറോൾ, 68ആം മിനുട്ടിൽ റഡോജ എന്നിവരാണ് ലെവന്റെയ്ക്കായി ഗോൾ നേടിയത്. മെസ്സി, ഗ്രീസ്മൻ, സുവാരസ് എന്നിവരൊക്കെ ഉണ്ടായിട്ടാണ് ബാഴ്സലോണക്ക് ഈ പരാജയം. ഇതോടെ ബാഴ്സലോണയുടെ ഒന്നാം സ്ഥാനം നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ്. റയൽ അടുത്ത മത്സരത്തിൽ വിജയിച്ചാൽ ഒന്നാമത് എത്തും.