ആഴ്സണൽ ഞെട്ടിച്ചില്ല, ഇത്തവണയും സമനില മാത്രം

Arsenal Lacasatte
- Advertisement -

പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനോട് നേരിട്ട സമനില, നായകൻ ശാക്കയെ ചുറ്റിപ്പറ്റിയുള്ള വിവാദം, ലീഗ് കപ്പിലെ ലിവർപൂളിനെതിരായ തോൽവി എന്നിവയിൽ നിന്ന് കരകയറാൻ കളത്തിൽ ഇറങ്ങിയ ആഴ്‌സണലിന് വീണ്ടും നിരാശ. സ്വന്തം മൈതാനത്ത് ആദ്യം ഗോൾ നേടിയ ശേഷം വോൾവ്സിനോട് സമനില വഴങ്ങിയ ആഴ്‌സണൽ ആരാധകരുടെ നിരാശക്ക് ആഴം കൂട്ടി. നായകൻ ശാക്ക ടീമിൽ ഇല്ലാത്തതിനാൽ ഒബമയാങ് ആണ് ആഴ്‌സണലെ നയിച്ചത്. ഓസിലിന് ടീമിൽ അവസരം നൽകിയ എമറി നിക്കോളാസ് പെപ്പെയെ ബെഞ്ചിൽ ഇരുത്തി. നന്നായി തുടങ്ങിയ വോൾവ്സിന് എതിരെ 21 മിനിറ്റിൽ ലക്കസറ്റെ നൽകിയ പന്ത് മനോഹരമായി ലക്ഷ്യത്തിൽ എത്തിച്ച ഒബമയാങ് ആഴ്‌സണലിനെ മുന്നിലെത്തിച്ചു.

ആഴ്‌സണലിനായുള്ള താരത്തിന്റെ 50 ഗോൾ ആയിരുന്നു ഇത്. മത്സരത്തിൽ പലപ്പോഴും മുന്നിട്ട് നിന്ന വോൾവ്സ് ആഴ്‌സണലിന് നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചു. എന്നാൽ മികച്ച രക്ഷപ്പെടുത്തലുകൾ നടത്തിയ ലെനോ ആഴ്‌സണലെ കാത്തു. എന്നാൽ രണ്ടാം പകുതിയിൽ 76 മിനിറ്റിൽ ഒരു ത്രോ ഇനിൽ ആഴ്‌സണൽ താരങ്ങൾ ഉറങ്ങിയപ്പോൾ വോൾവ്സ് അവസരം മുതലെടുത്തു. ക്രോസിൽ നിന്ന് മികച്ച ഹെഡറിലൂടെ റൗൾ ഹിമനെസ് വോൾവ്സിനെ ഒപ്പമെത്തിച്ചു. സമനിലയോടെ നിലവിൽ അഞ്ചാം സ്ഥാനത്ത് തുടരുകയാണ് ആഴ്‌സണൽ. ഇത്തരം പ്രകടനങ്ങൾ പരിശീലകൻ ഉനയ് എമറിക്ക് മേൽ വലിയ സമ്മർദ്ദം ഉയർത്തും എന്നുറപ്പാണ്.

Advertisement