ആഴ്സണലിൽ സമീപകാലത്ത് നേരിട്ട വിമർശങ്ങൾക്ക് കളത്തിലും പുറത്തും മറുപടി പറഞ്ഞു ആഴ്സണൽ ഗോൾ കീപ്പർ ബെർഡ് ലെനോ. ലീഗ് കപ്പിൽ ലിവർപൂളിനു എതിരെ 90 മിനിറ്റിൽ 7 രക്ഷപ്പെടുത്തലുകൾ നടത്തി ടീമിനെ പെനാൽട്ടി ഷൂട്ട് ഔട്ടിലേക്ക് എത്തിച്ച ലെനോ 2 പെനാൽട്ടികൾ രക്ഷിച്ചു ആഴ്സണലിന് ജയവും സമ്മാനിച്ചു. മത്സരശേഷം താൻ തന്നെയാണ് ആഴ്സണലിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പർ എന്നു പറഞ്ഞ ലെനോ, മുമ്പും ഇന്നും ഇനിയങ്ങോട്ടും അത് അങ്ങനെ തന്നെയാവും എന്നും വ്യക്തമാക്കി.
കഴിഞ്ഞ സീസണിൽ ബ്രൈറ്റനു എതിരായ മത്സരത്തിൽ പരിക്കേറ്റ ലെനോ കുറെ മത്സരങ്ങൾ പുറത്ത് ഇരിക്കേണ്ടി വന്നിരുന്നു. തുടർന്ന് അവസരം ലഭിച്ച എമിലിയാനോ മാർട്ടിനസ് ആഴ്സണലിന് ആയി മിന്നും പ്രകടനം ആണ് പുറത്ത് എടുത്തത്. എഫ്.എ കപ്പ് ജയത്തിലടക്കം നിർണായക പങ്ക് വഹിച്ച മാർട്ടിനസിനെ ആദ്യ ഗോൾ കീപ്പർ ആക്കണം എന്ന ആവശ്യം പല കോണിൽ നിന്നും ഉയർന്നും വന്നു. എന്നാൽ ഈ സീസണിൽ മാർട്ടിനെസിനെ ആസ്റ്റൻ വില്ലക്ക് വിറ്റ ആഴ്സണൽ ലെനോ തന്നെയാണ് തങ്ങളുടെ ഒന്നാം നമ്പർ ആണ് എന്ന് വ്യക്തമാക്കി. എന്നാൽ ഈ നീക്കത്തിനെതിരെ പല കോണിൽ നിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. ആ വിമർശനങ്ങൾക്ക് ആണ് ജർമ്മൻ ഗോൾ കീപ്പർ തന്റെ പ്രകടനങ്ങൾ കൊണ്ടു മറുപടി പറയുന്നത്.