16 വർഷങ്ങൾക്ക് ശേഷം പ്രീമിയർ ലീഗിലേക്ക് ലീഡ്സ് യുണൈറ്റഡ് തിരികെ എത്തി. പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് അടുത്ത വർഷം ലീഡ്സ് ആരാധകരുടെ ആ വലിയ ഊർജ്ജം കൂടെ ലഭിക്കും. ഇന്ന് ചാമ്പ്യൻഷിപ്പിലെ രണ്ടാം സ്ഥാനക്കാരായ വെസ്റ്റ്ബ്രോം ഹഡേഴ്സ്ഫീൽഡ് ടൗണിനോട് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയതോടെയാണ് ലീഡ്സിന്റെ പ്രൊമോഷൻ ഉറപ്പായത്.
ചാമ്പ്യൻഷിപ്പിൽ ഇപ്പോൾ ഒന്നാമത് നിൽക്കുകയാണ് ലീഡ്സ്. അവർ ഇനി ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ തോറ്റാലും ലീഗിലെ ആദ്യ രണ്ട് സ്ഥാനങ്ങളൊൽ ഫിനിഷ് ആകുമെന്ന് ഉറപ്പായി. ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഉള്ളവർക്ക് ചാമ്പ്യൻഷിപ്പിൽ നിന്ന് നേരിട്ട് പ്രീമിയർ ലീഗിൽ എത്താം.
44മത്സരങ്ങൾ കഴിഞ്ഞപ്പോൾ 87 പോയന്റാണ് ലീഡ്സ് യുണൈറ്റഡിന് ഉള്ളത്. 45 മത്സരങ്ങൾ കഴിഞ്ഞ വെസ്റ്റ് ബ്രോമിന് 82 പോയന്റാണ്. അവർക്ക് ഇനി ലീഡ്സിന് ഒപ്പം എത്താൻ ആകില്ല. മൂന്നാമത് ഉള്ള ബ്രെന്റ്ഫോർഡിന് 81 പോയന്റാണ് ഉള്ളത്. എല്ലാ മത്സരങ്ങളും അവർ ജയിച്ചാൽ അവർക്ക് ലീഡ്സിനൊപ്പം 87 പോയന്റിൽ എത്താം. ബ്രെന്റ്ഫോർഡിനെക്കാൾ മോശമാണ് ലീഡ്സിന്റെ ഗോൾ ഡിഫറൻസ് എന്ന കാരണം കൊണ്ട് ചാമ്പ്യൻഷിപ്പ് കിരീടം നേടാൻ ലീഡ്സിന് ഒരു പോയന്റ് കൂടെ വേണം.
എന്തായാലും ബിയെൽസയുടെ ടീം പ്രീമിയർ ലീഗിൽ കളിക്കും എന്ന് ഇന്നത്തോടെ ഉറപ്പായി. 2003-04 സീസണിലായിരുന്നു അവസാനമായി ലീഡ് യുണൈറ്റഡ് പ്രീമിയർ ലീഗിൽ കളിച്ചത്. ലീഡ്സ് പ്രീമിയർ ലീഗിലേക്ക് എത്തിയാൽ പ്രീമിയർ ലീഗിന്റെ ആവേശത്തിന് മാറ്റു കൂടും. പേരുകേട്ട ലീഡ്സ് ആരാധരെ അതിജീവിക്കാൻ പ്രീമിയർ ലീഗിലെ വമ്പന്മാർക്ക് വരെ കഴിയില്ല. ലീഡ്സും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള ശത്രുത പൊടി തട്ടിയെടുക്കാനും ഇതോടെ ഫുട്ബോൾ ആരാധകർക്ക് ആകും.