ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് ഞെട്ടൽ. ഇന്ന് എലൻഡ് റോഡിൽ നടന്ന മത്സരത്തിൽ ലീഡ്സ് യുണൈറ്റഡിന് മുന്നിൽ ചെൽസി എതിരില്ലാത്ത മൂന്ന് ഗോളുകളുടെ തോൽവി വഴങ്ങി.
ഇന്ന് ലീഡ്സിൽ ചെൽസിയുടെ പ്രശ്നങ്ങൾ എല്ലാം തെളിഞ്ഞു കാണാൻ ഫുട്ബോൾ ലോകകത്തിനായി. ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിലും ചെൽസി പരാജയപ്പെട്ടില്ല എങ്കിലും അവരുടെ പ്രകടനങ്ങൾ അത്ര സുഖകരമായിരുന്നില്ല. ഇന്ന് ലീഡ്സ് യുണൈറ്റഡിന് മുന്നിൽ ചെൽസി ഏറെ കഷ്ടപ്പെട്ടു. 33ആം മിനുട്ടിൽ ഗോൾകീപ്പർ എഡ്വാർഡ് മെൻഡിയുടെ ഒരു വലിയ അബദ്ധം ചെൽസിയെ പിറകിലാക്കി.
പന്ത് ക്ലിയർ ചെയ്യാതെ മെൻഡിൽ കാലിൽ വെച്ചു നിൽക്കെ ലീഡ്സിന്റെ യുവ അറ്റാക്കിങ് താരം ആരൺസൺ പ്രസ് ചെയ്ത് മെൻഡിയുടെ കാലിൽ നിന്ന് പന്ത് കൈക്കലാക്കി ഗോളടിച്ചു. മെൻഡിയുടെ കരിയറിലെ തന്നെ വലിയ അബദ്ധങ്ങളിൽ ഒന്നായി ഇത് മാറി. ഈ ഗോളിന് തൊട്ടു പിറകെ 37ആം മിനുട്ടിൽ റോഡ്രിഗോ ലീഡ്സിന്റെ ലീഡ് ഇരട്ടിയാക്കി. ഒരു ഫ്രീകിക്കിൽ നിന്ന് ഒരു ഹെഡറിലൂടെ റോദ്രിഗോ ആണ് ലീഡ്സിന്റെ രണ്ടാം ഗോൾ നേടിയത്. റോഡ്രിഗോയുടെ ഈ സീസണിലെ നാലാം ഗോളായിരുന്നു ഇത്.
രണ്ടാം പകുതിയിലും ലീഡ്സ് യുണൈറ്റഡ് അറ്റാക്ക് തുടർന്നു. 69ആം മിനുട്ടിൽ ചെൽസി മൂന്നാം ഗോൾ വഴങ്ങി. ഇടതു വിങ്ങിൽ നിന്ന് ജെയിംസ് നൽകിയ ക്രോസ് റോഡ്രിഗോയിലേക്കും പിന്നെ ഹാരിസണിലേക്കും അവിടുന്ന് ഗോൾ വലയിലേക്കും സഞ്ചരിച്ചു. സ്കോർ 3-0.
ഇതിനു ശേഷം 84ആം മിനുട്ടിൽ കൗലിബലി ചുവപ്പ് കൂടെ കണ്ടതോടെ ചെൽസിയുടെ പരാജയം ഉറപ്പായി. 2002 ശേഷം ചെൽസിക്ക് എതിരെ ലീഡ്സിന്റെ ആദ്യ ലീഗ് വിജയം ആണിത്.
ചെൽസി 3 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 4 പോയിന്റിലും ലീഡ്സ് മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഏഴ് പോയിന്റിലും നിൽക്കുകയാണ്.