60 പന്തില്‍ 101 റണ്‍സുമായി ലിസെല്ലേ ലീ, തായ്‍ലാന്‍ഡിനെതിരെ കൂറ്റന്‍ ജയവുമായി ദക്ഷിണാഫ്രിക്ക

വനിത ടി20 ലോകകപ്പില്‍ വലിയ വിജയം നേടി ദക്ഷിണാഫ്രിക്ക. ഇന്ന് തായ്‍ലാന്‍ഡിനെതിരെ ടീം 113 റണ്‍സിന്റെ വിജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 195/3 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ തായ്‍ലാന്‍ഡിന് 82 റണ്‍സ് മാത്രമേ നേടാനായുള്ളു. 19.1 ഓവറില്‍ ടീം ഓള്‍ഔട്ട് ആകുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്കായി ലിസെല്ലേ ലീ നേടിയ തകര്‍പ്പന്‍ ശതകമാണ് ടീമിന് തുണയായത്. 60 പന്തില്‍ 101 റണ്‍സ് നേടിയ ലീ 16 ഫോറും 3 സിക്സും നേടി. 41 പന്തില്‍ 61 റണ്‍സ് നേടി പുറത്താകാതെ നിന്ന സൂനെ ലൂസ്, 11 പന്തില്‍ 24 റണ്‍സ് നേടിയ ച്ലോ ട്രയണ്‍ എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ മറ്റു പ്രധാന സ്കോറര്‍മാര്‍.

ബൗളിംഗില്‍ ഷബ്നം ഇസ്മൈല്‍, സൂനെ ലൂസ് എന്നിവര്‍ മൂന്ന് വിക്കറ്റുമായി ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങി. 26 റണ്‍സ് നേടിയ ഒന്നിച്ചയാണ് തായ്‍ലാന്‍ഡിന്റെ ടോപ് സ്കോറര്‍.