ഫ്രഞ്ച് ലീഗ് വണ്ണിൽ പി.എസ്.ജിക്ക് ജയം. ഒരിക്കൽ കൂടി ലയണൽ മെസ്സി ഇല്ലാതെ ഇറങ്ങിയ പി.എസ്.ജി ബോർഡോയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് തോൽപ്പിച്ചത്. 3 ഗോളുകൾ നേടിയ ശേഷം രണ്ടു ഗോളുകൾ വഴങ്ങിയ പാരീസ് അവസാന നിമിഷങ്ങളിൽ സമ്മർദ്ദത്തിൽ ആവുന്നതും മത്സരത്തിൽ കണ്ടു. മത്സരത്തിൽ പന്ത് കൂടുതൽ സമയം കൈവശം വച്ചത് പി.എസ്.ജി ആയിരുന്നു എങ്കിലും ഏറ്റവും കൂടുതൽ അവസരങ്ങൾ ഉണ്ടാക്കിയത് എതിരാളികൾ ആയിരുന്നു. പലപ്പോഴും കെയ്‌ലർ നവാസ് പി.എസ്.ജിയുടെ രക്ഷകനായി. മത്സരത്തിന്റെ 25 മത്തെ മിനിറ്റിൽ കിലിയൻ എമ്പപ്പെയുടെ പാസിൽ നിന്നു സുന്ദരമായ ഒരു ഗോളിലൂടെ നെയ്മർ ജൂനിയർ ആണ് പാരീസിന് ആദ്യ ഗോൾ സമ്മാനിക്കുന്നത്. തുടർന്ന് ആദ്യ പകുതി അവസാനിക്കാൻ തൊട്ടു മുമ്പ് എമ്പപ്പെയുടെ തന്നെ പാസിൽ നിന്നു തന്റെ രണ്ടാം ഗോളും നേടിയ നെയ്മർ പാരീസിന്റെ മുൻതൂക്കം ഇരട്ടിയാക്കി.
രണ്ടാം പകുതിയിൽ ബോർഡോയുടെ ആധിപത്യം കണ്ടങ്കിലും 63 മത്തെ മിനിറ്റിൽ വൈനാൾഡന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ എമ്പപ്പെ പാരീസിനു ഏതാണ്ട് ജയം ഉറപ്പിച്ചു. എന്നാൽ പിന്നീട് തിരിച്ചടിച്ച ആതിഥേയരെയാണ് മത്സരത്തിൽ കണ്ടത്. 78 മത്തെ മിനിറ്റിൽ അദ്ലിയുടെ പാസിൽ നിന്നു ആൽബർട്ട് എലിസ് ഒരു ഗോൾ മടക്കി. പിന്നീട് ഇഞ്ച്വറി സമയത്ത് നിയാങിലൂടെ എതിരാളികൾ ഒരു ഗോൾ കൂടി മടക്കിയപ്പോൾ പി.എസ്.ജി സമ്മർദ്ദത്തിലായി. എന്നാൽ എതിരാളിക്ക് വീണ്ടുമൊരു ഗോൾ നേടാൻ സമയം ഇല്ലാതിരുന്നു എന്നതിനാൽ തന്നെ പി.എസ്.ജി അധികം അപകടമില്ലാതെ മത്സരം അവസാനിപ്പിക്കുക ആയിരുന്നു. ലീഗിൽ ഒന്നാമതുള്ള പി.എസ്.ജി മറ്റു ടീമുകളെക്കാൾ ബഹുദൂരം മുന്നിലാണ്. അതേസമയം 16 സ്ഥാനത്ത് ആണ് ബോർഡോ.