ഇത്തവണ പെനാൽട്ടി പാഴാക്കി നെയ്മർ, പി.എസ്.ജിക്ക് ലീഗ് വണ്ണിൽ ഞെട്ടിക്കുന്ന തോൽവി

20220220 071803

ഫ്രഞ്ച് ലീഗ് വണ്ണിൽ പാരീസ് സെന്റ് ജർമനു ഞെട്ടിക്കുന്ന തോൽവി. ലീഗിൽ അഞ്ചാം സ്ഥാനത്തുള്ള നാന്റ്സിന് എതിരെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് ഫ്രഞ്ച് ചാമ്പ്യന്മാർ പരാജയം നേരിട്ടത്. മെസ്സി, നെയ്മർ, എമ്പപ്പെ എന്നിവർ ഒരുമിച്ച് ഇറങ്ങിയിട്ടും പാരീസിന് പരാജയം ഒഴിവാക്കാൻ ആയില്ല. മത്സരത്തിൽ വലിയ ആധിപത്യം പന്ത് കൈവശം വക്കുന്നതിൽ പി.എസ്.ജി കാണിച്ചു എങ്കിലും തുടക്കത്തിൽ തന്നെ നാന്റ്സ് പാരീസിനെ ഞെട്ടിച്ചു. നാലാം മിനിറ്റിൽ തന്നെ ഒരു പ്രത്യാക്രമണത്തിൽ മോസസ് സിമോണിന്റെ പാസിൽ നിന്നു റാന്റൽ മുഅമി നാന്റ്സിന് ആയി ഗോൾ നേടി. പതിനാറാം മിനിറ്റിൽ 19 കാരൻ ക്വിന്റൻ മെർലിൻ ഒസ്‌മാൻ ബുഖാരിയുടെ പാസിൽ നിന്നു അടിച്ച ഷോട്ട് പി.എസ്.ജി താരത്തിന്റെ ദേഹത്ത് തട്ടി ഗോൾ ആയതോടെ പാരീസ് രണ്ടു ഗോളുകൾക്ക് പിറകിലായി. Screenshot 20220220 072513

ആദ്യ പകുതിക്ക് തൊട്ടു മുമ്പ് വൈനാൾഡത്തിന്റെ ഹാന്റ് ബോളിന് വാർ പെനാൽട്ടി വിധിച്ചതോടെ പി.എസ്.ജി വീണ്ടും സമ്മർദ്ദത്തിലായി. പെനാൽട്ടി ലക്ഷ്യം കണ്ട ലുണ്ടോവിച്ച് ബ്ലാസ് അവരുടെ ജയം ഉറപ്പിച്ചു. രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ ലയണൽ മെസ്സിയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ നെയ്മർ ജൂനിയർ പാരീസിന് തിരിച്ചു വരവ് പ്രതീക്ഷകൾ നൽകി. എന്നാൽ 58 മത്തെ മിനിറ്റിൽ എമ്പപ്പെയെ വീഴ്‌ത്തിയതിനു ലഭിച്ച പെനാൽട്ടി നെയ്മർ പാഴാക്കിയത് അവർക്ക് വലിയ തിരിച്ചടിയായി. ചാമ്പ്യൻസ് ലീഗിൽ ലയണൽ മെസ്സി പെനാൽട്ടി പാഴാക്കിയതിന് പുറകെയാണ് നെയ്മർ പെനാൽട്ടി ലക്ഷ്യം കാണാൻ പരാജയപ്പെടുന്നത്. തുടർന്ന് മെസ്സിയും നെയ്മറും എമ്പപ്പയും ഒക്കെ ശ്രമിച്ചു എങ്കിലും പാരീസ് പരാജയം സമ്മതിക്കുക ആയിരുന്നു. നാലു മാസത്തിനു ഇടയിലുള്ള പാരീസിന്റെ ലീഗിലെ ആദ്യ തോൽവി ആണ് ഇത്.