ഫ്രഞ്ച് ക്ലാസിക്കോയിൽ പി.എസ്.ജിയെ ഗോൾ രഹിത സമനിലയിൽ തളച്ചു മാഴ്സെ. അർജന്റീനൻ പരിശീലകർ തമ്മിലുള്ള പോരാട്ടത്തിൽ സൂപ്പർ താരങ്ങൾ അടങ്ങിയ പോച്ചറ്റീന്യോയുടെ പാരീസിനെ തന്റെ പോരാളികളെ വച്ച് സാമ്പോളി സമനിലയിൽ തളക്കുക ആയിരുന്നു. ഏതാണ്ട് സമാസമ പോരാട്ടം കണ്ട മത്സരത്തിൽ ആദ്യം പി.എസ്.ജിയും തൊട്ടു പിറകെ മാഴ്‌സയും എതിരാളിയുടെ വല ചലിപ്പിച്ചു എങ്കിലും രണ്ടു ഗോളുകളും വാറിലൂടെ ഓഫ് സൈഡ് വിളിക്കുക ആയിരുന്നു. മെസ്സിയും, നെയ്മറും, എമ്പപ്പെയും അടങ്ങുന്ന മുന്നേറ്റത്തെ മികച്ച രീതിയിൽ പ്രതിരോധിക്കുന്ന മാഴ്സെയെ ആണ് ആദ്യ പകുതിയിൽ കാണാൻ ആയത്. ആഴ്‌സണലിൽ നിന്നു വായ്പ അടിസ്‌ഥാനത്തിൽ മാഴ്സെയിൽ കളിക്കുന്ന വില്യം സാലിബ പ്രതിരോധത്തിൽ മതിൽ ആയപ്പോൾ മറ്റൊരു ആഴ്‌സണൽ താരം ഗിണ്ടൂസി മധ്യനിരയിലും പൊരുതി. ഒപ്പം അവസരം കിട്ടിയപ്പോൾ എല്ലാം ക്യാപ്റ്റൻ ദിമിത്രി പയറ്റും, മിലിച്ചും പി.എസ്.ജിക്ക് പ്രശ്നങ്ങളും നൽകി. ഇടക്ക് മെസ്സിയുടെ ഹെഡർ മാഴ്സെ ഗോളി കുത്തിയകറ്റി, മെസ്സിയുടെ ഗോൾ ശ്രമങ്ങൾ പലതും ലക്ഷ്യവും കണ്ടില്ല.
ആദ്യപകുതിയിൽ കാണികളുടെ മോശം പെരുമാറ്റം പലപ്പോഴും കളിക്ക് വിലങ്ങു തടിയും ആയി. കോർണർ എടുക്കാൻ വന്ന പി.എസ്.ജി താരങ്ങളെ മാഴ്സെ കാണികൾ വെള്ള കുപ്പികൾ അടക്കം കയ്യിൽ കിട്ടിയ എല്ലാം എറിഞ്ഞു ആണ് സ്വീകരിച്ചത്. വിലക്ക് കാരണം പി.എസ്.ജി ആരാധകർ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നില്ല. രണ്ടാം പകുതിയിൽ 56 മിനിറ്റിൽ ചെങ്കിസ് ഉണ്ടറിനെ ഫൗൾ ചെയ്ത അഷ്‌റഫ് ഹകിമിക്ക് റഫറി മഞ്ഞ കാർഡ് നൽകിയെങ്കിലും പിന്നീട് വാറിലൂടെ ഇത് ചുവപ്പ് കാർഡ് ആയി മാറി. ഇതോടെ 10 പേരായി ചുരുങ്ങിയ പി.എസ്.ജി പ്രതിരോധത്തിൽ ആയി. തുടർന്ന് മാഴ്സെ പി.എസ്.ജിയെ ബുദ്ധിമുട്ടിച്ചു എങ്കിലും പി.എസ്.ജി വലിയ അപകടം ഒഴിവാക്കി. ഇടക്ക് എമ്പപ്പയുടെ ഒരു പ്രത്യാക്രമണത്തെ അതുഗ്രൻ ടാക്കിളിലൂടെയാണ് സാലിബ നേരിട്ടത്. അവസാന നിമിഷങ്ങളിൽ കടുത്ത സമ്മർദ്ദം അതിജീവിച്ച പി.എസ്.ജി സമനില കൊണ്ട് തൃപ്തിപ്പെടുക ആയിരുന്നു. നിലവിൽ പി.എസ്.ജി ലീഗിൽ ഒന്നാമതും മാഴ്സെ നാലാമതും ആണ്.