മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മോശം ഫോമിലും അവർക്ക് ഈ സീസണിൽ വലിയ ആശ്വാസം നൽകിയ ടീമായി ലമ്പാർഡിന്റെ ടീം മാറിയിരിക്കുകയാണ്. സീസണിൽ ഒരിക്കൽ കൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് മുന്നിൽ ലമ്പാർഡിന്റെ ചെൽസി വീണു. ഇന്ന് പ്രീമിയർ ലീഗിൽ ചെൽസിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോഡ് ബ്രിഡ്ജിൽ ചെന്നാണ് യുണൈറ്റഡ് വിജയിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം.
ചെൽസിയാണ് ആദ്യ പകുതിയിൽ കൂടുതൽ അറ്റാക്ക് നടത്തിയത് എങ്കിലും ആദ്യ പകുതിയിൽ മുന്നിൽ എത്തിയത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആയിരുന്നു. കളിയുടെ 45ആം മിനുട്ടിൽ മാർഷ്യലിലൂടെ ആയിരുന്നു യുണൈറ്റഡ് ലീഡ് എടുത്തത്. റൈറ്റ് ബാക്ക് വാം ബിസാകയുടെ ഗംഭീര ക്രോസിൽ നിന്ന് ഒരു മികച്ച ഹെഡറിലൂടെയാണ് മാർഷ്യൽ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ കർട് സൗമയിലൂടെ ചെൽസി സമനില ഗോൾ നേടിയെങ്കിലും വാർ ആ ഗോൾ നിഷേധിച്ചു.
പിന്നാലെ ക്യാപ്റ്റൻ ഹരി മഗ്വയറിലൂടെ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി. പുതിയ സൈനിംഗ് ബ്രൂണോയുടെ കോർണറിന് ഹെഡ് വെച്ചായിരുന്നു മഗ്വയർ ഗോൾ നേടിയത്. ബ്രൂണോയുടെ മാഞ്ചസ്റ്ററിനായുള്ള ആദ്യ അസിസ്റ്റാണ് ഇത്. പിന്നാലെ വീണ്ടും ചെൽസി ഗോളടിച്ചു എങ്കിലും വാർ വീണ്ടും ചെൽസിക്ക് വില്ലനായി. ഇത്തവണ ജിറൂഡ് ഓഫ്സൈഡ് ആയിരുന്നു.
ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇത് മൂന്നാം തവണയാണ് ചെൽസിയെ പരാജയപ്പെടുത്തുന്നത്. പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസിക്ക് എതിരെ ഡബിൾ നടത്തുന്നത്. ഈ വിജയത്തോടെ യുണൈറ്റഡ് 38 പോയന്റിൽ എത്തി. ഏഴാം സ്ഥാനത്താണ് യുണൈറ്റഡ് ഇപ്പോഴും ഉള്ളത് എങ്കിലും നാലാമതുള്ള ചെൽസിയേക്കാൾ മൂന്ന് പോയന്റ് മാത്രമെ യുണൈറ്റഡിന് കുറവുള്ളൂ.