എന്നും ഇന്ത്യൻ യുവതാരങ്ങളുടെ പറുദ്ദീസ ആണ് ഷില്ലോങ്ങ് ലജോങ്ങ് എന്ന ക്ലബ്. എപ്പോഴും ദേശീയ ഫുട്ബോളിൽ ശരാശരിക്ക് മുകളിൽ ഉള്ള പ്രകടനം മാത്രം കാഴ്ചവെക്കുന്ന ടീം. എന്നാൽ ഈ സീസണിൽ ലജോങ്ങ് ആകെ വിയർക്കുകയാണ്. ഐലീഗ് സീസൺ പകുതിയോട് അടുക്കുമ്പോൾ അവസാന സ്ഥനത്തിലേക്ക് അടുക്കുകയാണ് ലജോങ്ങ്. ഇതിനൊക്കെ കാരണമായത് ലജോങ്ങിന്റെ ഒരു വിപ്ലവകരമായ തീരുമാനം ആയിരുന്നു.
ഈ സീസണിൽ വിദേശ താരങ്ങൾ വേണ്ട എന്നൊരു തീരുമാനം. ഐലീഗിൽ ഇന്ത്യൻ താരങ്ങളെ മാത്രം ഉൾപ്പെടുത്തി കൊണ്ടാണ് ലജോങ്ങ് കളിക്കുന്നത്. അതിൽ ഭൂരിഭാഗവും നന്നേ ചെറുപ്പമായ ടാലന്റുകൾ. ലീഗിൽ നന്നായി പ്രതീക്ഷ നൽകുന്ന ഫുട്ബോളുമായാണ് ലജോങ് തുടങ്ങിയത്. എന്നാൽ ഇപ്പോൾ അതല്ല അവസ്ഥ. ലീഗിലെ ഏറ്റവും ദുർബലരായ ഇന്ത്യൻ നിര മാത്രം കളിക്കുന്ന ആരോസിനോടടക്കം ലജോങ്ങ് പരാജയപ്പെട്ടു.
ഇന്ന് റിയൽ കാശ്മീരിനോട് ആറു ഗോളുകൾ ആണ് ലജോങ്ങ് വഴങ്ങിയത്. അവരുടെ ഐലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി. സീസണിൽ ഇതുവരെ 8 മത്സരങ്ങൾ കളിച്ചപ്പോൾ ആറിലും പരാജയം. ഒരു ജയം മാത്രം. വഴങ്ങിയത് 22 ഗോളുകൾ. ലജോങ്ങ് കഴിഞ്ഞാൽ ഡിഫൻസിൽ ഏറ്റവും മോശം റെക്കോർഡ് ഉള്ള ആരോസ് വരെ 12 ഗോളുകളെ വഴങ്ങിയിട്ടുള്ളൂ.
എടുത്തത് വലിയ തീരുമാനം തന്നെ ആയിരുന്നു. ഇന്ത്യൻ താരങ്ങൾക്ക് കൂടുതൽ അവസരവും അവരെ കൂടുതൽ ശക്തരാക്കാനും സാധിക്കും. പക്ഷെ ഈ സീസൺ ഇങ്ങനെ തന്നെ തുടരുകയാണെങ്കിൽ സീസൺ അവസാനം റിലഗേഷൻ എന്ന ഭീഷണി ലജോങ്ങ് നേരിടേണ്ടി വരും.