സിറ്റിക്ക് വീണ്ടും പരിക്കിന്റെ തിരിച്ചടി, സിൽവ പുറത്ത്

മാഞ്ചസ്റ്റർ സിറ്റിക്ക് മറ്റൊരു പരിക്ക് തിരിച്ചടി കൂടി. മധ്യനിര താരം ഡേവിഡ് സിൽവ പരിക്ക് കാരണം ഏതാനും ആഴ്ചകൾ പുറത്ത് ഇരിക്കേണ്ടി വരും. പേശിക്ക് ഏറ്റ പരിക്കാണ്‌ താരത്തെ പുരത്തിരിക്കാൻ നിർബന്ധിതമാക്കിയത്. സിറ്റി പരിശീലകൻ പെപ് ഗാർഡിയോള തന്നെയാണ് ഏതാനും ആഴ്ചകൾ താരം പുറത്തിരിക്കേണ്ടി വരുമെന്ന് സ്ഥിതീകരിച്ചത്.

ആദ്യ ഇലവനിലെ പ്രധാന താരങ്ങൾക്ക് തുടർച്ചയായ പരിക്കുകൾ വരുന്നത് തിരക്കേറിയ ഡിസംബർ മാസത്തിൽ പെപ്പിന് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കും എന്നുറപ്പാണ്‌. നേരത്തെ കെവിൻ ഡു ബ്രെയ്ൻ, ബെഞ്ചമിൻ മെൻഡി, ക്ലാഡിയോ ബ്രാവോ എന്നിവർ ദീർഘ നാളത്തെ പരിക്കേറ്റ് പുറത്തായിരുന്നു. സെർജിയോ അഗ്യൂറോ പോയ 2 മത്സരങ്ങളിലും കളിച്ചിട്ടില്ലെങ്കിലും അടുത്ത പ്രീമിയർ ലീഗ് മത്സരത്തിന് മുന്നോടിയായി ഫിറ്റ്നസ് വീണ്ടെടുത്തേക്കും എന്നാണ് പ്രതീക്ഷ.