മുൽത്താൻ സുൽത്താൻസിന് ഫൈനലില്‍ കാലിടറി, ലാഹോ‍‍‍ർ ഖലന്തേഴ്സ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ജേതാക്കള്‍

Lahoreqalandars

ലീഗ് ഘട്ടത്തിൽ ഏറ്റവും അധികം പോയിന്റുമായി പ്ലേ ഓഫിലെത്തിയ മുൽത്താന്‍ സുൽത്താന്‍സിനെ കീഴടക്കി പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് കിരീടം കരസ്ഥമാക്കി ലാഹോര്‍ ഖലന്തേഴ്സ്.

ഇന്ന് നടന്ന ഫൈനലില്‍ 42 റൺസിന്റെ വിജയം ആണ് ലാഹോര്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ലാഹോര്‍ 180/5 എന്ന സ്കോര്‍ നേടിയപ്പോള്‍ മുൽത്താന്‍ സുൽത്താന്‍സിന് 138 റൺസ് മാത്രമേ നേടാനായുള്ളു.

ക്വാളിഫയറിൽ ലാഹോറിനെ മുൽത്താന്‍ കീഴടക്കിയിരുന്നു. എന്നാൽ ഫൈനലില്‍ അതിനുള്ള പ്രതികാരം കൂടി വീട്ടിയാണ് ലാഹോറിന്റെ വിജയം. ഗ്രൂപ്പ് ഘട്ടത്തിൽ മുൽത്താന്‍ ഏറ്റ ഏക പരാജയം ലാഹോറിനോടായിരുന്നു.

ലാഹോറിന്റെ തുടക്കം മോശമായിരുന്നുവെങ്കിലും ഇന്നിംഗ്സിന്റെ അവസാനത്തോടെ മുഹമ്മദ് ഹഫീസ്(69), ഹാരി ബ്രൂക്ക്(22 പന്തിൽ പുറത്താകാതെ 41), ഡേവിഡ് വീസ്(8 പന്തിൽ പുറത്താകാതെ 28) എന്നിവരുടെ തട്ടുപൊളിപ്പന്‍ ബാറ്റിംഗ് ടീമിനെ 180/5 എന്ന സ്കോറിലേക്ക് നയിച്ചു. മുൽത്താന് വേണ്ടി ആസിഫ് അഫ്രീദി 3 വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ മുൽത്താന്‍ നിരയിൽ ലഭിച്ച തുടക്കം മുതലാക്കുവാന്‍ ബാറ്റ്സ്മാന്മാര്‍ക്ക് കഴിയാതെ പോയതാണ് ടീമിന് തിരിച്ചടിയായത്. 32 റൺസ് നേടിയ ഖുഷ്ദിൽ ഷാ ആണ് ടീമിന്റെ ടോപ് സ്കോറര്‍. ടിം ഡേവിഡ് 27 റൺസ് നേടി.

ലാഹോറിന് വേണ്ടി ഷഹീന്‍ അഫ്രീദി മൂന്നും മുഹമ്മദ് ഹഫീസ്, സമന്‍ ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.