സ്പാനിഷ് ലാ ലീഗയിൽ വർഷങ്ങൾക്ക് ശേഷം അത്ലറ്റികോ മാഡ്രിഡിന് മേൽ ജയിക്കാനുള്ള റയൽ സോസിദാഡ് ശ്രമങ്ങളെ തടഞ്ഞു ലൂയിസ് സുവാരസ്. രണ്ടു ഗോളുകൾ പിന്നിൽ പോയ ഡീഗോ സിമിയോണിയുടെ ടീമിനെ ഇരട്ടഗോളുകൾ അടിച്ചാണ് സുവാരസ് തോൽവിയിൽ നിന്നു രക്ഷിച്ചത്. മത്സരം തുടങ്ങി ഏഴാം മിനിറ്റിൽ തന്നെ അലക്സാണ്ടർ ഇസാക്കിന്റെ പാസിൽ നിന്നു ലൈപ്സിഗിൽ നിന്നു വായ്പ അടിസ്ഥാനത്ത കളിക്കുന്ന അലക്സാണ്ടർ സോർലോത്ത് സോസിദാഡിനു മത്സരത്തിൽ മുൻതൂക്കം നൽകി. മത്സരത്തിൽ നേരിയ ആധിപത്യം അത്ലറ്റികോ മാഡ്രിഡ് കാണിച്ചു എങ്കിലും ആദ്യ പകുതിയിൽ മുൻതൂക്കം നിലനിർത്താൻ സോസിദാഡിനു ആയി. രണ്ടാം പകുതിയിൽ 48 മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് ലക്ഷ്യത്തിൽ എത്തിച്ച സ്വീഡിഷ് സൂപ്പർ താരം അലക്സാണ്ടർ ഇസാക് സോസിദാഡിനു രണ്ടാം ഗോളും സമ്മാനിച്ചതോടെ അത്ലറ്റികോ ഞെട്ടി.
എന്നാൽ രണ്ടു ഗോൾ വഴങ്ങിയ ശേഷം ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിന് എതിരെ തിരിച്ചടിച്ചു പോരാട്ടവീര്യം കാണിച്ച അത്ലറ്റികോ അത് ഇവിടെയും പുറത്ത് എടുത്തു. 61 മിനിറ്റിൽ ഫെലിക്സിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ ലൂയിസ് സുവാരസ് അത്ലറ്റികോ തിരിച്ചു വരവിനു തുടക്കം ഇടുക ആയിരുന്നു. തുടർന്ന് 74 മിനിറ്റിൽ പെനാൽട്ടി നേടിയെടുത്ത സുവാരസ് അത്ലറ്റികോക്ക് വീണ്ടും ആശ്വാസം നൽകി. സുവാരസിനെ വീഴ്ത്തിയ മൈക്കിൾ മെരിനോയുടെ നീക്കത്തിനു റഫറി വാറിലൂടെ പെനാൽട്ടി അനുവദിക്കുക ആയിരുന്നു. പെനാൽട്ടി അനായാസം ലക്ഷ്യം കണ്ട സുവാരസ് അത്ലറ്റികോയുടെ തിരിച്ചു വരവ് പൂർത്തിയാക്കുക ആയിരുന്നു. മുൻതൂക്കം കളഞ്ഞു സമനില വഴങ്ങിയെങ്കിലും ലീഗിൽ നിലവിൽ 10 കളികളിൽ നിന്നു 23 പോയിന്റുകളും ആയി റയൽ സോസിദാഡ് തന്നെയാണ് ഒന്നാമത്. ഒമ്പത് കളികളിൽ നിന്നു 17 പോയിന്റുകൾ ഉള്ള അത്ലറ്റികോ മാഡ്രിഡ് നിലവിൽ ആറാം സ്ഥാനത്ത് ആണ്.