സ്പാനിഷ് ലാ ലീഗക്ക് ആവേശപോരാട്ടത്തോടെ തുടക്കം. മികച്ച പോരാട്ടം കണ്ട ആദ്യ മത്സരത്തിൽ സെവിയ്യയെ ഒന്നിനെതിരെ രണ്ടു ഗോളിന് തോൽപ്പിച്ചു അട്ടിമറി ജയം കുറിച്ചു ഒസാസുന. കഴിഞ്ഞ 10 കളികളിൽ സെവിയ്യയോട് ജയിച്ചിട്ടില്ല എന്ന കുറവ് തിരുത്തി കുറിക്കുന്ന ഒസാസുനയെ ആണ് സ്വന്തം കാണികൾക്ക് മുന്നിൽ കാണാൻ ആയത്. മത്സരത്തിൽ ഒമ്പതാം മിനിറ്റിൽ തന്നെ ഒസാസുന മുന്നിലെത്തി. റൂബൻ പെനയുടെ ക്രോസിൽ നിന്നു ചിമി അവില അവർക്ക് ഹെഡറിലൂടെ ഗോൾ സമ്മാനിച്ചു. ഈ ലാ ലീഗ സീസണിലെ ആദ്യ ഗോൾ. തൊട്ടടുത്ത മിനിറ്റിൽ തന്നെ സെവിയ്യ തിരിച്ചടിച്ചു.
മികച്ച ടീം ഗോൾ ആയിരുന്നു ഇത്. പാപു ഗോമസിന്റെ പാസിൽ നിന്നു ഗോളിന് തൊട്ടുമുമ്പ് മികച്ച ഒരു വലത് കാലൻ അടിയിലൂടെ റാഫ മിർ സെവിയ്യക്ക് സമനില ഗോൾ സമ്മാനിച്ചു. തുടർന്ന് ഇരു ടീമിന്റെയും മികച്ച ശ്രമങ്ങൾ ഇരു ടീമിന്റെയും ഗോൾ കീപ്പർമാർ രക്ഷിച്ചു. ഇടക്ക് ഒസാസുനയുടെ മോയി ഗോമസിന്റെ ഷോട്ട് പോസ്റ്റിൽ ഇടിച്ചു മടങ്ങിയപ്പോൾ സെവിയ്യയുടെ തോമസ് ഡിലേനിയുടെ ഷോട്ടും പോസ്റ്റിൽ തട്ടി മടങ്ങി. രണ്ടാം പകുതിയിൽ 72 മത്തെ മിനിറ്റിൽ മോൻകയോലയെ പാപു ഗോമസ് വീഴ്ത്തിയതിനു ഒസാസുനക്ക് അനുകൂലമായി പെനാൽട്ടി ലഭിച്ചു. പെനാൽട്ടി ലക്ഷ്യം കണ്ട 20 കാരനായ അയിമർ ഒറോസ് ഒസാസുനക്ക് വിജയഗോൾ സമ്മാനിക്കുക ആയിരുന്നു. തുടർന്ന് ഗോൾ വഴങ്ങാതെ പിടിച്ചു നിന്ന ഒസാസുന ലാ ലീഗ സീസണിലെ ആദ്യ ജയം സ്വന്തമാക്കുക ആയിരുന്നു.
Story Highlight : La Liga start with upset, Sevilla beaten by Osasuna in opener.