സ്പാനിഷ് ലാ ലീഗയിൽ കിരീട പോരാട്ടത്തിൽ വമ്പൻ തിരിച്ചടി നേരിട്ടു സെവിയ്യ. എസ്‌പന്യോളിനോട് സമനില വഴങ്ങിയതോടെ ഒന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡും ആയുള്ള അവരുടെ പോയിന്റ് വ്യത്യാസം 6 പോയിന്റുകൾ ആയി ഉയർന്നു. സമനിലയോടെ 14 സ്ഥാനത്തേക്ക് എത്താൻ എസ്‌പന്യോളിനും ആയി. മത്സരത്തിൽ 26 മത്തെ മിനിറ്റിൽ പരിക്കേറ്റ ആന്റണി മാർഷ്യലിനെ നഷ്ടമായത് സെവിയ്യക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയായി. മത്സരത്തിൽ കൂടുതൽ സമയം പന്ത് കൈവശം വച്ചത് സെവിയ്യ ആയിരുന്നു എങ്കിലും അവസരങ്ങൾ തുറന്നത് എതിരാളികൾ ആയിരുന്നു.
മത്സരത്തിൽ 36 മത്തെ മിനിറ്റിൽ മാർഷ്യലിന് പകരക്കാരനായി ഇറങ്ങിയ പാപു ഗോമസിന്റെ ക്രോസിൽ നിന്നു വലൻ കാലൻ അടിയിലൂടെ ഗോൾ നേടിയ റാഫ മിർ മത്സരത്തിൽ സെവിയ്യക്ക് മുൻതൂക്കം സമ്മാനിച്ചു. രണ്ടാം പകുതി തുടങ്ങി അഞ്ചു മിനിറ്റിനുള്ളിൽ എസ്‌പന്യോൾ മത്സരത്തിൽ ഒപ്പമെത്തി. ഓസ്കാർ ഗില്ലിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ സെർജി ദാർദർ ആണ് കറ്റാലൻ ടീമിന് സമനില സമ്മാനിച്ചത്. തുടർച്ചയായ രണ്ടാം മത്സരത്തിൽ ആണ് താരം ഗോൾ നേടുന്നത്. 76 മത്തെ മിനിറ്റിൽ മോശം പെരുമാറ്റത്തിന് ജൂൾസ് കോണ്ടെ ചുവപ്പ് കാർഡ് കൂടി കണ്ടതോടെ സെവിയ്യയുടെ ജയം നേടാനുള്ള ശ്രമങ്ങൾ അവസാനിച്ചു. സെവിയ്യ സമനില വഴങ്ങിയത് ഒന്നാമത് ഉള്ള റയൽ മാഡ്രിഡിന് തന്നെയാണ് നേട്ടം ആവുക.